പാലാ: സാമൂഹിക ശാക്തീകരണ രംഗത്ത് കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. കാർഷികരംഗത്ത് ഫലപ്രദമായ ഇടപെടലുകൾക്കായി പാലാ രൂപത ആവിഷ്കരിച്ച കർഷക ബാങ്കിൻ്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചതായും ഫാ. കിഴക്കേൽ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, വിവിധ ധനകാര്യ വികസന ഏജൻസികൾ എന്നിവയുടെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ വിവിധ ഇടവകകൾകേന്ദ്രീകരിച്ച് കാർഷിക മൂല്യ വർദ്ധിത സംരംഭങ്ങൾ ആരംഭിക്കാനായി. കാഞ്ഞിരമറ്റം,മൂഴൂർ, വയല, മാൻവെട്ടം, വെള്ളിയാമറ്റം, തീക്കോയി തുടങ്ങി വിവിധ ഗ്രാമങ്ങളിലെ കർഷക കൂട്ടായ്മകൾക്ക് ഗുണമേന്മയുള്ള കാർഷിക,ഭക്ഷ്യ വിഭവങ്ങൾ നിർമ്മിക്കാനും വിപണനത്തിനും സാധിക്കുന്നുണ്ട്. ഒട്ടേറെ ഗ്രാമീണ കർഷകർക്ക് പ്രധാന വരുമാന മാർഗ്ഗമായും ഉപജീവനമാർഗ്ഗമായും മാറാൻ പി.എസ്.ഡബ്ലിയു.എസ് നേതൃത്വം കൊടുക്കുന്ന കർഷക കമ്പനികൾക്കും കർഷക കൂട്ടായ്മകൾക്കും കഴിയുന്നുണ്ട്.
പാലാ മുണ്ടുപാലത്ത് കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന മൂല്യ വർദ്ധിത സംരംഭത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കപ്പെട്ടതായും നൂതന സാങ്കേതികവിദ്യ പ്രകാരമുള്ള യന്ത്രസാമഗ്രികൾ സ്ഥാപിച്ചു കൊണ്ട് പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്നും ഫാ. കിഴക്കേൽ പറഞ്ഞു. കർഷക ബാങ്കിൻ്റെ ഭാഗമായി ആരംഭിച്ച അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റും സംസ്ഥാന കൃഷിവകുപ്പ് അനുവദിച്ച കേരളാഗ്രോ ജില്ലാ സ്റ്റോറും കർഷകർക്ക് വിപണന സൗകര്യം ഉറപ്പുവരുത്തുന്നതായും അദ്ദേഹം പറഞ്ഞു.
കാർഷിക രംഗത്തേക്ക് പുതുതലമുറയെ ആകർഷിക്കാൻ ബഹുതല പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതായും സ്കൂളുകളിൽ ആരംഭിച്ച "കുട്ടികളും കൃഷിയിലേക്ക് " എന്ന പ്രോഗ്രാം ഗ്രാമപഞ്ചായത്തുകൾ വാർഷിക പദ്ധതികളായി ആവിഷ്കരിക്കുന്നത് ഏറെ പ്രോൽസാഹനകരമാണന്നും ഫാ. കിഴക്കേൽ പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും അറുപതാം വാർഷികദിനമായ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രൂപതയുടെ ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്റർ കൂടിയായ ഫാ. തോമസ് കിഴക്കേൽ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments