പാലാ നഗരസഭാ ഉടമസ്ഥതയിലുള്ള 12-ാം മൈലിലെ കുമാരനാശാന്‍ പാര്‍ക്ക് പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് ഇഴജന്തുക്കള്‍ക്ക് താവളമാകുന്നു. തുടര്‍ച്ചയായ അവധി ദിവസങ്ങളെത്തിയതോടെ വൈകുന്നേരങ്ങളില്‍ നിരവധി രക്ഷിതാക്കളാണ് കുട്ടികളുമായി പാര്‍ക്കിലെത്തുന്നത്. എന്നാല്‍ കളിയുപകരണങ്ങളുടെ അപകടാവസ്ഥയും പാര്‍ക്കിനുള്ളില്‍ വളര്‍ന്ന പുല്ലും കുട്ടികള്‍ക്ക് അപകടാവസ്ഥ സൃഷ്ടിക്കുന്നതാണ്.
ശനി , ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം പാര്‍ക്ക് നിറയെ കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പമെത്തിയ രക്ഷിതാക്കളും ചേര്‍ന്നപ്പോള്‍ 100 കണക്കിനാളുകളാണ് പാര്‍ക്കിലുണ്ടായിരുന്നത്. പാലാ നഗരത്തിന്റെ തിരക്കില്‍ നിന്നും അല്‍പസമയം ചെലവഴിക്കാന്‍ കുടുംബങ്ങള്‍ തെരഞ്ഞെടുക്കുന്നത് കുമാരനാശാന്‍ പാര്‍ക്കാണ്. വാക് വേയിലടക്കം പുല്ലുവളര്‍ന്നിരിക്കുന്നതാണ് പാര്‍ക്കിലെ കാഴ്ച.
കാലങ്ങളായുള്ള മഴയും വെയിലുമേറ്റ് കളിയുപകരങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്. കുട്ടികളുടെ ഇഷ്ട കളിയുപകരണമായ ഊഞ്ഞാലുകള്‍ എല്ലാം തകര്‍ന്നു. നാല് ഊഞ്ഞാലുകളും ചെയിന്‍പൊട്ടിയ നിലയിലാണ്.
ഊഞ്ഞാലാടാന്‍ ആളില്ലാതായതോടെ ഈ ഭാഗത്ത് കാട് വളര്‍ന്നുകഴിഞ്ഞു. കയറിലൂടെ പിടിച്ചുനീങ്ങുന്ന സാഹസിക വിനോദത്തിന് തയാറാക്കിയിരുന്ന ഉപകരണത്തിന്റെ കയറുകള്‍ പല സ്ഥലങ്ങളിലും പൊട്ടി. കുട്ടികള്‍ക്കൊപ്പം ഈ ഭാഗത്ത് നില്‍ക്കുന്ന രക്ഷിതാക്കളും പുല്ലിനിടയില്‍ വേണം നില്‍ക്കാന്‍.
പാര്‍ക്കില്‍ കളിയുപകരണങ്ങള്‍ സ്ഥാപിച്ച ഭാഗം ടൈല്‍ വിരിച്ചിരിക്കുന്നിടത്ത് മാത്രമാണ് പുല്ല് അല്‍പം കുറവുള്ളത്. എങ്കിലും പല കോണുകളും പുല്ല് വളര്‍ന്ന നിലയിലാണ്. കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ പറ്റിയ പാര്‍ക്കിലെ ഭാഗം പൂര്‍ണമായും പുല്ല് വളര്‍ന്ന് കഴിഞ്ഞു.
പാര്‍ക്കിന്റെ ഇടതുഭാഗത്ത് അരയാള്‍ പൊക്കത്തോളം പുല്ലും കാട്ടുചേമ്പുകളും വളര്‍ന്നുനില്‍ക്കുന്നു. വാക് വേയിലൂടെ നടക്കുന്നവര്‍ ഇഴജന്തുക്കളെ ഭയന്ന് നടക്കേണ്ട അവസ്ഥയിലാണ്.
7 വയസ് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന കളിയുപകരണങ്ങളില്‍ കൊച്ചുകുട്ടികള്‍ കയറുന്നത് നിയന്ത്രിക്കാന്‍ ആളില്ലാത്തതും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
മാതാപിതാക്കളുടെ കരുതലില്‍ കുട്ടികള്‍ കയറുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാവുന്നില്ല എന്നത് മാത്രാണ് ആശ്വാസം. ഓണാവധി കൂടി എത്തുന്നത് കണക്കിലെടുത്ത് പാര്‍ക്ക് പുല്ലുവെട്ടിത്തെളിക്കാനും കുട്ടികളുടെ കളിയുപകരണങ്ങള്‍ നവീകരിക്കാനും നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments