Latest News
Loading...

അധികഭൂമി പതിച്ചുനല്കാനുള്ള നീക്കം ദുരുപയോഗപ്പെടുമെന്ന് മീനച്ചില്‍ നദീസംരക്ഷണസമിതി




ഡിജിറ്റല്‍ സര്‍വ്വേയില്‍ അളവില്‍ക്കൂടുതലുള്ള ഭൂമി തര്‍ക്കമില്ലാത്ത കേസുകളില്‍ പതിച്ചു നല്‍കുമ്പോള്‍ പൊതുസ്ഥലങ്ങള്‍ അതില്‍ ഉള്‍പ്പെടാതിരിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ടാവണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ നിവേദനത്തില്‍ മീനച്ചില്‍ നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ആറ്, തോട്, മറ്റു ജലാശയങ്ങള്‍, റോഡുകള്‍ തുടങ്ങിയവയോടു ചേര്‍ന്നുള്ള പുറമ്പോക്കുഭൂമി വന്‍ തോതില്‍ കൈയേറപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ പരാതിപ്പെട്ടാല്‍ പോലും നടപടി ഉണ്ടാവാറില്ല. നീര്‍വാര്‍ച്ചാ പ്രദേശങ്ങള്‍ സ്വകാര്യ ഭൂമിയാകുന്നതോടെ നീരൊഴുക്കു തടയും വിധം രൂപാന്തരപ്പെടുത്തുന്നതുമൂലം വെള്ളക്കെട്ടും പരിഹാരമില്ലാത്ത ദുരിതാവസ്ഥയും വ്യാപകമാണ്. റീ സര്‍വ്വേ കാലത്ത് 2 മീറ്റര്‍ വരെ വീതിയുള്ള തോടുകള്‍ രേഖകളില്‍ ഉള്‍പ്പെടുത്താതിരുന്നതുമൂലം കേരളമാകെ ചെറു ജലശൃംഖലകള്‍ മുറിഞ്ഞു പോയത് വലിയ വിപത്തുകര്‍ക്ക് ഇടയാക്കിയിട്ടുണ്ട്.





ഡിജിറ്റല്‍ സര്‍വേ നടത്തുമ്പോള്‍ ആധാരത്തില്‍ പറഞ്ഞിരിക്കുന്ന അതിരുകള്‍ക്കുള്ളില്‍ കൂടുതല്‍ ഭൂമിയുണ്ടെന്ന് കണ്ടെത്തിയാല്‍ ആ ഭൂമിക്ക് കൂടി ഉടമസ്ഥാവകാശം നല്‍കാനാണ് പുതിയ തീരുമാനം. ഇതിനുള്ള നിയമനിര്‍മ്മാണം അവസാനഘട്ടത്തിലാണ് . അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ നിയമം അവതരിപ്പിച്ചേക്കും . അതേസമയം സര്‍വ്വേ നടത്തുമ്പോള്‍ ആധാരത്തില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ ഭൂമിക്ക് വിസ്തീര്‍ണ്ണം കുറവാണെങ്കില്‍ ആ ഭൂമിക്ക് മാത്രമായിരിക്കും ഉടമസ്ഥാവകാശം ഉള്ളത്. ഡിജിറ്റല്‍ സര്‍വേ പ്രകാരമുള്ള വിസ്തീര്‍ണത്തിന് മാത്രമേ കരം അടയ്ക്കാന്‍ അനുവദിക്കു. 



206 വില്ലേജുകളിലെ സര്‍വ്വേ നടത്തിയപ്പോള്‍ 35% ആളുകള്‍ക്കും അവരുടെ അതിരുകള്‍ക്കുള്ളില്‍ അധികഭൂമി ഉണ്ടെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അധികരിച്ച ഭൂമിക്ക് ഉടമസ്ഥാവകാശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രേഖകളില്‍ 8 സെന്റ് ഭൂമിയുള്ള ആള്‍ക്ക് ഡിജിറ്റല്‍ സര്‍വേ പ്രകാരം 10 സെന്റ് കണ്ടെത്തിയാല്‍ ഇനി 10 സെന്റിനും രേഖ ലഭിക്കും. എന്നാല്‍ ഈ നടപടി വന്‍തോതില്‍ പുറമ്പോക്ക് കൈയേറിയവര്‍ക്ക് അനുകൂലമാകും എന്നാണ് മീനച്ചില്‍ നദി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്



പൊതു സ്ഥലമായ നീര്‍വാര്‍ച്ചാ വഴികള്‍ക്കു വേണ്ടി വാദിക്കാനോ ചൂണ്ടിക്കാട്ടാനോ ആരുമുണ്ടാവില്ല. അതുകൊണ്ട് ആറ്, തോട്, റോഡ്, മറ്റു ജലാശയങ്ങള്‍ തുടങ്ങിയവയോടു ചേര്‍ന്നുള്ള വസ്തുക്കളില്‍ അധികഭൂമി കണ്ടെത്തിയാലും പൊതു മാര്‍ഗ്ഗരേഖ പ്രകാരം പതിച്ചു നല്‍കരുത്. റീ സര്‍വ്വേ കാലത്ത് പറ്റിയ തെറ്റ് കണക്കിലെടുത്ത് പഴയ സര്‍വ്വേ പ്രകാരം പൊതു സ്ഥലം നിര്‍ണ്ണയിച്ചതിനുശേഷമേ തീരുമാനമെടുക്കാവൂ. ഇതിന് കഴിയുംവിധം ഉത്തരവുണ്ടാകണമെന്നും സമിതി ആവശ്യപ്പെട്ടു. മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments