പാലാ ജനറൽ ആശുപത്രി സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന് മുന്നിൽ നിവേദന കെട്ടുമായി മാണി സി കാപ്പൻ എം എൽ എ. പാലാ മണ്ഡലത്തിലെ ആരോഗ്യമേഖലയിൽ അടിയന്തിരമായി നടപ്പാക്കേണ്ട ആവശ്യങ്ങളാണ് എം എൽ എ മന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചത്.
ഡയാലിസിസ് ടെക്നീഷ്യൻ, പോലീസ് സർജൻ
വിമുക്തി സെൻ്ററിൽ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് എന്നിവരെ അടിയന്തിരമായി നിയോഗിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഡയഗണോസ്റ്റിക് സെൻ്ററിൻ്റെ പ്രവർത്തനം വിപുലീകരിക്കുന്നതു സംബന്ധിച്ചും കാർഡിയാക് സർജൻ്റെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ചും നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ സ്ഥാപിക്കണമെന്നും പാലാ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പി ഡോക്ടറെ നിയമിക്കണമെന്നും എം എൽ എ അഭ്യർത്ഥിച്ചിട്ടുണ്ട്. കായിക താരങ്ങൾക്ക് പാലാ ആയുർവേദ ആശുപത്രിയിൽ ചികിത്സാ കേന്ദ്രം അനുവദിക്കുക, പൈക സമൂഹികാരോഗ്യ കേന്ദ്രത്തിന് മാത്തച്ചൻ കുരുവിനാക്കുന്നേലിൻ്റെ പേര് നൽകുക, രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി ആയുർവേദ ആശുപത്രിയിൽ മെഡിസിൻ സ്റ്റോർ സൗകര്യം, കോമ്പൗണ്ട് വാൾ എന്നിവ നടപ്പാക്കുക, രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സ്പെഷ്യാലിറ്റി സോക്ടർമാരുടെ തസ്തിക വർദ്ധിപ്പിക്കുക, എക്സ്റേ യൂണിറ്റ്, ഇ സി ജി ടെക്നീഷ്യൻ തസ്തിക, വേസ്റ്റ് ഡിസ്പോസിബിൾ യൂണിറ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവ അനുവദിക്കണമെന്നും മാണി സി കാപ്പൻ ആവശ്യമുന്നയിച്ചു.
എം എൽ എ ആസ്തി വികസന ഫണ്ടിൽ ബാക്കി നിൽക്കുന്ന തുകയുടെ വിനിയോഗം, ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച തുകയുടെ വിനിയോഗം എന്നിവയെക്കുറിച്ചും മാണി സി കാപ്പൻ മന്ത്രി വീണാ ജോർജിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. പാലായിലെ ആരോഗ്യരംഗത്ത് അടിയന്തിരമായി നടപ്പാക്കേണ്ട വിഷയങ്ങളാണ് താൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് മാണി സി കാപ്പൻ പറഞ്ഞു. മറ്റു വിഷയങ്ങൾ പിന്നാലെ അറിയിക്കും. നിവേദനം സംബന്ധിച്ച് അനുകൂല നിലപാട് ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കാപ്പൻ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments