Latest News
Loading...

ചികിത്സാ പിഴവ്. പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു
കോട്ടയം: കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സാപിഴവുണ്ടായി എന്ന പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എസ് എച്ച് മെഡിക്കൽ സെൻ്ററിലെ യൂറോളജിസ്റ്റ് ഡോ വി എസ് മനുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഐ പി സി 336 വകുപ്പ് പ്രകാരമാണ് കേസ്.

എബി ജെ ജോസ് തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരൻ്റെ മൊഴി കോട്ടയം ഈസ്റ്റ് പോലീസ് രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ 27 ന് രൂക്ഷമായ കിഡ്‌നി സ്റ്റോണ്‍ അസുഖത്തെത്തുടര്‍ന്നാണ് എബി ജെ ജോസ് കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സക്കായി എത്തിയതെന്നു മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പഞ്ഞിരുന്നു. എസ് എച്ച് മെഡിക്കല്‍ സെന്ററിലെ യൂറോളജിസ്റ്റായ ഡോ മനു വി എസിന്റെ കീഴിലാണ് യൂറിറ്റോറെനോസ്‌കോപ്പി (യു ആര്‍ എസ് )ക്കു വിധേയനായത്. സര്‍ജറിക്കുശേഷം രണ്ടു ദിവസത്തിനുള്ളില്‍ അസുഖം ഭേദമായി വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതായി എബി ജെ ജോസ് പറയുന്നു. എന്നാല്‍ പിറ്റേന്നു മുതല്‍ ഇടതു വശത്ത് അടിവയറ്റില്‍ അതിശക്തമായ വേദന ആരംഭിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചിലര്‍ക്കു വേദന വരാറുണ്ടെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്നു വേദനാസംഹാരിയും ആന്റിബയോട്ടിക്കുകളും നല്‍കി. എന്നിട്ടും വേദനയ്ക്കു കുറവുണ്ടായില്ല. പരസഹായം കൂടാതെ കട്ടില്‍നിന്നും എണീറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേയ്ക്ക് മാറി. ഇടതുകാല്‍ നിലത്തു കുത്താന്‍ പറ്റാതെയും വന്നു. ഈ വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സി ടി സ്‌കാനിനു വിധേയനാക്കി. അതിന്റെ റിപ്പോര്‍ട്ടുപ്രകാരം പ്രശ്‌നമൊന്നുമില്ലെന്നു പറഞ്ഞ ഡോക്ടര്‍ കുത്തിവയ്പ്പ് തുടരാന്‍ നിര്‍ദ്ദേശം നല്‍കി. ക്രിയാറ്റിന്റെ നില അപകടകരമാംവിധം1.9 എന്ന നിലയില്‍ തുടര്‍ന്നു. ഏഴു ദിവത്തോളം വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും നല്‍കിയെങ്കിലും അസുഖം മൂര്‍ച്ഛിക്കുകയാണുണ്ടായത്. തുടര്‍ന്ന് അവിടെ നിന്നും ആഗസ്റ്റ് 2 ന്  ഡിസ്ചാര്‍ജ് വാങ്ങി അന്നേദിവസം തന്നെ  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ യൂറോളജിസ്റ്റ് ഡോ വിജയ് രാധാകൃഷ്ണന്റെ ചികിത്സാസഹായം തേടി. അവിടെ പരിശോധിച്ചപ്പോള്‍ സ്റ്റെന്റ് സ്ഥാപിച്ചിരിക്കുന്നത് ശരിയായ രീതിയില്‍ അല്ലാ എന്നും മൂത്രനാളിയിലുണ്ടായ ക്ഷതത്തിലൂടെ മൂത്രം വയറ്റിലേയ്ക്ക് ലീക്ക് ചെയ്യുന്നതാണ് പ്രശ്‌നമെന്നും അപകടകരമായ അവസ്ഥയാണെന്നും പറഞ്ഞു. തുടര്‍ന്നു അവിടെ അഡ്മിറ്റാക്കിയ ശേഷം ഇന്‍ജക്ഷന്‍ സിടി, എക്കോ തുടങ്ങിയ നിരവധി പരിശോധനകള്‍ നടത്തിയശേഷം 5 ന് യു ആര്‍ എസ് സര്‍ജറിക്കു വിധേയനാക്കി. എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ നിന്നും സ്ഥാപിച്ച സ്റ്റെന്റ് മാറ്റി പകരം സ്റ്റെന്റ് കൃത്യമായി സ്ഥാപിച്ചതോടെ വേദനകള്‍ കുറയാന്‍ തുടങ്ങി. ക്രിയാറ്റിന്‍ നില ഒന്നിലേയ്ക്ക് താഴുകയും ചെയ്തു. പിന്നീട് ഇക്കഴിഞ്ഞ 13 മാര്‍സ്ലീവാ മെഡി സിറ്റിയില്‍ അഡ്മിറ്റായി സ്റ്റെന്റ് നീക്കം ചെയ്തു. ട്യൂബില്‍ നീക്കം ചെയ്യാനാവാത്തവിധം സ്റ്റോണിന്റെ ഒരു ഭാഗം തറച്ചു കയറിയിട്ടുണ്ടെന്ന് 
സ്‌കാനിംഗില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനു തുടര്‍ച്ചയായി നിരീക്ഷണം വേണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. 

കോട്ടയം എസ് എച്ചില്‍ സര്‍ജറി കഴിഞ്ഞിട്ടും വേദനയില്‍ മാറ്റമില്ലാതെ വന്നപ്പോള്‍ വീണ്ടും 5 ദിവസം ചികിത്സ നടത്തി. അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്ത അന്നു തന്നെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അഡ്മിറ്റാകുകയും ആദ്യത്തെ സ്റ്റെന്റ് മാറ്റി പകരം ഇടുകയും ചെയ്തിട്ടുണ്ട്. രണ്ട് ആശുപത്രികളിലെയും ഡിസ്ചാര്‍ജ് സമ്മറി നോക്കിയാല്‍  ചികിത്സാ പിഴവ് കണ്ടെത്താനാകുമെന്ന് എബി ജെ ജോസ് പറഞ്ഞു. സി ടി സ്‌കാന്‍ എടുത്തശേഷവും ഡോക്ടര്‍ മനു പ്രശ്‌നമില്ലെന്നു പറയുകയുണ്ടായി. എസ് എച്ച് മെഡിക്കല്‍ സെന്ററിലെ സി ടി സ്‌കാന്‍ റിപ്പോര്‍ട്ടും സി ഡി യും പരിശോധിച്ചശേഷമാണ് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോ വിജയ് രാധാകൃഷ്ണന്‍ അപകടാവസ്ഥ മനസിലാക്കി അഡ്മിറ്റ് ചെയ്യുകയും സര്‍ജറി നടത്തുകയും ചെയ്തിട്ടുള്ളത്.

എസ് എച്ച് ആശുപത്രിയിലെ നഴ്‌സിംഗ് സംവീധാനവും തികച്ചും പരിതാപകരമാണ്. ഇത്രയും പ്രതിബദ്ധതയില്ലാത്ത നഴ്‌സുമാരെ 

                                                          


ഒരിടത്തും കണ്ടിട്ടില്ലെന്നു എബി ജെ ജോസ് പറഞ്ഞു. കൃത്യമായ പരിചരണം നല്‍കാന്‍ അവര്‍ ശ്രമിക്കുന്നില്ല. കൃത്യസമയത്ത് മരുന്നുകള്‍ തരാതിരിക്കുക, ഓവര്‍ഡോസ് കുത്തിവയ്ക്കാന്‍ ശ്രമിക്കുക, മരുന്ന് കലര്‍ത്താതെ ഐ വി മാത്രം നല്‍കുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടായി. പരാതി പറഞ്ഞിട്ടും മാനേജ്‌മെന്റ് അന്വേഷിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് പരാതിയിൽ വ്യക്തമാക്കി. 

തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചപ്പോള്‍ ഈ ഡോക്ടറുടെ ചികിത്സമൂലം ദുരിതമനുഭവിക്കുന്നവര്‍ ബന്ധപ്പെട്ടിരുന്നതായി എബി ജെ ജോസ് പറഞ്ഞു. ജര്‍മ്മനിയില്‍ ജോലിക്കുള്ള ജോബി എന്നയാള്‍ക്കു ഇപ്പോള്‍ പലപ്പോഴും വേദനയാണ്. വേദന വരുന്ന ഘട്ടങ്ങളില്‍ യൂറിന് ഒപ്പം രക്തവും പോകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, ഉപഭോക്തൃ കോടതി തുടങ്ങിയവയില്‍ ഉള്‍പ്പെടെ പരാതികള്‍ നല്‍കും. ആശുപത്രിയെയും ഡോക്ടറെയും വിശ്വസിച്ചു ചെല്ലുന്നവരെ ദുരിതത്തിലാക്കി തിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തും. ചികിത്സയ്ക്കായി 87000 രൂപയോളം ഈടാക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സാപിഴവ് വരുത്തിയതിനെതിരെ നടപടികള്‍ ഉണ്ടാകുംവരെ നിയമാനുസൃതമാര്‍ഗ്ഗത്തില്‍ പ്രതികരിക്കും. 

ആശുപത്രികളില്‍ രോഗികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ സര്‍ക്കാര്‍ പ്രത്യേക സംവീധാനം ഏര്‍പ്പെടുത്തണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
   
Post a Comment

0 Comments