മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഗമണ്‍ റോഡില്‍ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനങ്ങള്‍ കടത്തിവിടാനായത്. ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി, പാലാ ഡിവൈഎസ്പി അടക്കം അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം ക്യാമ്പുകള്‍ തുറന്നിട്ടില്ലെന്ന് പഞ്ചായത്തംഗം പിഎസ് രതീഷ് പറഞ്ഞു.
.വഴി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് അടക്കം നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. വിദ്യാര്‍ത്ഥികളടക്കം വാഹനങ്ങളില്‍ കുടുങ്ങി. ഇരുവശത്തുനിന്നും കൂടുതല്‍ വാഹനങ്ങളെ കടത്തിവിടാതെ ക്രമീകരിച്ച് വഴിയിലെ തടസങ്ങള്‍ നീക്കി രാത്രി ഏഴരയോടെയാണ് വാഹനങ്ങള്‍ കടന്നുപോയത്.
സംസ്ഥാനത്ത് ഇന്ന് പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിരുന്നു. ചക്രവാത ചുഴിയുടെ സാന്നിധ്യം കണക്കിലെടുത്ത് ഉച്ചതിരിഞ്ഞും മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാകാം മലയോരമേഖലയിലും ശക്തമായ മഴ ലഭിച്ചതെന്നാണ് വിലയിരുത്തല്‍. നാളെ അവധി ദിവസമായതിനാല്‍ വാഗമണ്ണിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെത്താനുള്ള സാധ്യതയും നിലവിലുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments