കെ.എം.മാണി സാറിന്റെ മൃതദേഹത്തിനൊപ്പം കേരളാ കോൺഗ്രസ് (എം) നെയും അടക്കം ചെയ്യാനാഗ്രഹിച്ചവർക്ക് ചുട്ട മറുപടി കൊടുക്കാനുള്ള അവസരമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ. ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം ഇടമുളയിൽ നടന്ന വിശേഷാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുപ്പത്തിയെട്ടു വർഷം യു.ഡി.എഫ് ലെ ഘടകകക്ഷിയും വിവിധ മന്ത്രിസഭകളിൽ ജനപ്രിയ വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത കെ.എം.മാണി സാറിന്റെ പാർടിയെ മുന്നണിയിൽ നിന്നു പുറത്താക്കിയത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൻമാരുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്തു വന്ന് പന്ത്രണ്ടാം ദിവസം ഇടതുമുന്നണിയുടെ ഭാഗമായി മാറാൻ കേരളാ കോൺഗ്രസ് (എം) നു സാധിച്ചത് പാർടിയുടെ ബഹുജന അടിത്തറയിലുള്ള സി.പി.ഐ (എം) ന്റെ പൂർണ്ണ ബോധ്യവും വിശ്വാസവും മൂലമായിരുന്നെന്നും മന്ത്രി തുടർന്നു പറഞ്ഞു.
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് (എം) പാർടി അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച് മുന്നോട്ടു പോകുമ്പോൾ അകലക്കുന്നം അടക്കമുള്ള ഗ്രാമപഞ്ചായത്തുകളിൽ ചരിത്ര വിജയം നേടിയ പോൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വിജയം ഉറപ്പാക്കണമെന്നും റോഷി അഗസ്റ്റ്യൻ പറഞ്ഞു. ബേബിച്ചൻ പറമ്പ കത്ത് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി,പ്രവാസി കേരളാ കോൺഗ്രസ് (എം) പ്രസിഡന്റ് അഡ്വ. സോണി മണിയങ്ങാട്ട്, സി.പി.ഐ ജില്ലാ ട്രഷറാർ ബാബു കെ ജോർജ് ,കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ മാത്തുക്കുട്ടി ഞായർകുളം, ഡാന്റീസ് കൂനാനിക്കൽ , സി.പി.ഐ (എം)കർഷക സംഘം നേതാവ് ലൂക്കോസ് മാത്യു, സി.പി.ഐ. ലോക്കൽ സെകട്ടറി എം.എ.ബേബി, എൽ.ഡി.എഫ് മണ്ഡലം കൺവീനർ സാബു കണിപറമ്പിൽ, കർഷക യൂണിയൻ (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജയ്മോൻ പുത്തൻ പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. വിവിധ കക്ഷി നേതാക്കളായ സാജൻ മണിയങ്ങാട്ട്, ടോണി ഇടയ്ക്കാട്ടുതറ സി.ജി.ഉണ്ണി, ആന്റോ മൂങ്ങാമാക്കൽ, റോയി മണിയങ്ങാട്ട് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
0 Comments