സൽസ്വഭാവവും മാന്യതയും വിനയവും കൊണ്ട് മുഴുവൻ സൃഷ്ടികളുടെയും നേതാവും മാതൃകാപുരുഷനുമാണ് പ്രവാചകൻ മുഹമ്മദ് നബിയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പറഞ്ഞു. ഈരാറ്റുപേട്ടയിൽ ലജ്നത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിജീവികളുടെ ബൗദ്ധികതക്കോ കവിതാ രചയിതാക്കളുടെ സാഹിത്യ നിപുണതക്കോ വിശദീകരിക്കാൻ കഴിയാത്ത പ്രവാചക സദ്ഗുണങ്ങൾ, ധീരതയും കനിവും സമ്മിശ്രമായി പ്രതിഫലിപ്പിക്കുകയും സഹനത്തിൻ്റെയും വിശ്വ സാഹോദര്യത്തിൻ്റെയും ഹൃദയവിശാലതയുടെയും സമഗ്രസന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയുമായിരുന്നു.
സർവ്വസമ്പൂർണ്ണവും കലാതിവർത്തിയുമായ പ്രവാചക ചര്യകൾ മാനവരാശിയെ സൻമാർഗ്ഗത്തിലേക്ക് നയിക്കുന്ന ഉത്തമ നിദർശനങ്ങളാൽ സമ്പുഷ്ടമാണ്.
ലോകസമാധാനവും മാനവികതയും ഒത്തുചേരുന്ന സാർവ്വലൗകിക സാഹോദര്യത്തിനായി യത്നിക്കാൻ മുഴുവൻ വിശ്വാസികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. മേഖലാ പ്രസിഡൻറ് നൗഫൽ ബാഖവി അദ്ധ്യക്ഷത വഹിച്ചു. തടിക്കാട് സഈദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ സലാം മൗലവി പ്രാർത്ഥനയും ഹാഷിം മന്നാനി സ്വാഗതവും നിർവ്വഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments