മൂന്നിലവിലെ പാറമടയിൽ നിന്നും പാസ് ഇല്ലാതെ കരിങ്കല്ലുമായി പോവുകയായിരുന്ന 8 ടോറസ് ലോറികൾ പിടികൂടി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മീനച്ചിൽ തഹസിൽദാരുടെ കീഴിൽ പ്രത്യേക സംഘമാണ് പരിശോധന നടത്തി വാഹനങ്ങൾ പിടികൂടിയത്. ദിവസങ്ങളായി പാസ് ഇല്ലാതെ കരിങ്കൽ കടത്തുന്നു എന്ന് വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മൂന്നിലവിലെ പാറമടയിൽ നിന്നുള്ള ലോറികൾ ഇലവീഴാപൂഞ്ചിറ റോഡ് വഴി മേലുകാവ് റോഡിലെത്തി ഇടുക്കി ജില്ലയിലേക്കാണ് പോകുന്നത്. ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്ക് എത്തിയതോടെ ലോറി ഡ്രൈവർമാർ വാഹനങ്ങൾ റോഡിന് സൈഡിൽ ഒതുക്കി ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും വാഹനങ്ങൾ ഇട്ട് കടന്നുകളയാനും ശ്രമിച്ചു.
തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. പിന്നീട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പാലാ സിവിൽ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി.
ജിയോളജി വകുപ്പിന്റെ പാസുമായാണ് ലോറികൾ കരിങ്കല്ല്മായി പോകേണ്ടത്. എന്നാൽ ഈ പാസ് കളക്ട് ചെയ്യാതെ ദിവസേന നിരവധി ട്രിപ്പുകളാണ് നടത്തിയിരുന്നത്. ഇതുവഴി സർക്കാരിന് ലഭിക്കേണ്ട വലിയ ജിഎസ്ടി സംഖ്യയാണ് നഷ്ടമാകുന്നത്.
പിടിച്ചെടുത്ത വാഹനങ്ങൾക്ക് അമിത ലോഡ് കയറ്റിയതിനും പാസ് ഇല്ലാതെ കരിങ്കല്ല് കയറ്റിയതിനും പിഴ ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു.
മേലുകാവ് കാഞ്ഞിരമറ്റം ഇലവീഴാപൂഞ്ചിറ റോഡിൽ ലോറികളുടെ സഞ്ചാരവും അമിതവേഗവും യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണി ആവുകയാണ്. അമിത ലോഡ് കയറ്റി ലോറികൾ നിരനിരയായി വരുന്നതോടെ മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറ യിലേക്കുള്ള യാത്രക്കാർക്കും ഇത് അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
0 Comments