മരങ്ങാട്ടുപിള്ളി പഞ്ചായത്ത്, കൃഷിഭവന്‍, കാര്‍ഷിക വികസന സമിതി, കൃഷിക്കൂട്ടങ്ങള്‍, ക്ഷീര വികസന വകുപ്പ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ പാരീഷ് ഹാളിലും പരിസരങ്ങളിലുമായി കഴിഞ്ഞ നാലു ദിവസം തുടര്‍ച്ചയായി അരങ്ങേറിയ കാര്‍ഷികോത്സവ് 2023 -ന്‍റെ സമാപന കര്‍ഷക സമ്മേളനത്തില്‍ വെച്ച് വിശിഷ്ട വ്യക്തികളെ ആദരിച്ചു.
മരങ്ങാട്ടുപിള്ളി പള്ളി വികാരി റവ. ഫാ.ജോസഫ് ഞാറക്കാട്ടിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എം.ജി.യൂണിവേഴ്സിറ്റി വെെസ് ചാന്‍സിലര്‍ ഡോ.സിറിയക്ക് തോമസ് ഷീല്‍ഡ് നല്‍കി പ്രമുഖരെ ആദരിച്ചു. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.എം. തോമസ്, കുറിച്ചിത്താനം എസ്.കെ.വി.എച്ച്.എസ്. എസ്. റിട്ട. പ്രിന്‍സിപ്പാള്‍ പി.പി.നാരായണന്‍ നമ്പൂതിരി , `ഹൃദയഗാഥ' കവിതാ സമാഹാര രചയിതാവ് എ.എസ്. ചന്ദ്രമോഹനന്‍ , ആര്‍ട്ടിസ്റ്റ് ടി.കെ. ആനന്ദവല്ലി എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. ആരോഗ്യ കാരണങ്ങളാല്‍ സിനിമാ താരം ബാബു നമ്പൂതിരി എത്തിച്ചേര്‍ന്നില്ല. എ.എസ്.ചന്ദ്രമോഹനന്‍ രചിച്ച `കര്‍ഷകഭേരി' കര്‍ഷകോത്സവ് തീം സോങ്ങ് വേദിയില്‍ അവതരിപ്പിച്ചു.
കാര്‍ഷിക അവാര്‍ഡുകളും വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും യോഗത്തില്‍ വിതരണം ചെയ്തു. വ്യത്യസ്‌ഥ രാഷ്ട്രീയ -സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ പ്രസംഗിച്ചു.
കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ് സ്വാഗതവും സംഘാടക സമിതി ജോ.ജനറല്‍ കണ്‍വീനര്‍ സി.കെ. രാജേഷ്കുമാര്‍ നന്ദിയും പറഞ്ഞു. സമാപന ദിവസം ആര്‍ട്ടിസ്റ്റിക്ക് യോഗാ പ്രകടനം ഉള്‍പ്പടെ വിവിധ പരിപാടികളും അരങ്ങേറി.
0 Comments