Latest News
Loading...

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ഇനി എളുപ്പമറിയാം




ഈരാറ്റുപേട്ട : നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മുഴുവൻ അതിഥി തൊഴിലാളികളുടെയും സമഗ്രമായ വിവരശേഖരണം തുടങ്ങി.  ഞായറാഴ്ച രാവിലെ പത്ത്  മുതൽ വൈകുന്നേരം അഞ്ച് വരെ ഇതിനായി രജിസ്ട്രേഷൻ ക്യാമ്പ് ഈരാറ്റുപേട്ട വ്യാപാരഭവനിൽ നടക്കും. തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾ, കരാറുകാർ, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നഗരസഭ ജനപ്രതിനിധികൾ യോഗം ചേർന്ന് സ്ഥിതിഗതികൾ  വിലയിരുത്തിയിരുന്നു. 



വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ,വിവരശേഖരണ നടപടികൾ വിശദീകരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പും പോലിസും ആരോഗ്യ വകുപ്പും സഹകരിച്ചാണ് വിവരശേഖരണം നടത്തുക. നാളെ ക്യാമ്പിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന തൊഴിലാളികൾക്ക് ഐ ഡി കാർഡ് നൽകാൻ യോഗത്തിൽ തീരുമാനമായി. ഓരോ തൊഴിലാളിയുടെയും സംസ്ഥാനം, ജില്ല, മേൽവിലാസം, ആധാർ നമ്പർ, ആരോഗ്യ സ്ഥിതി, താമസിക്കുന്ന സ്ഥലം, ശുചിത്വം, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള അന്വേഷണം, ജീവിതരീതി തുടങ്ങിയ സമഗ്ര വിവര ശേഖരണമാണ് ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും പെട്ടന്ന് ലഭ്യമാകുന്ന വിധം ക്രോഡീകരിച്ച് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്നത് ഉൾപ്പടെ നടപടികൾ യോഗം ചർച്ച ചെയ്തു. മൊത്തം എത്ര അതിഥി തൊഴിലാളികൾ ഉണ്ടെന്ന് വ്യക്തമായ കണക്കെടുപ്പ് ഇതോടൊപ്പം നടത്തും. 



ഏകദേശം 2500 ഓളം പേർ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇവരിൽ സ്ത്രീകൾ, പുരുഷൻമാർ, കുട്ടികൾ എന്നിങ്ങനെ വേർതിരിച്ചു കണക്കെടുക്കും. താമസസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പ് വരുത്താൻ നടപടികൾ നഗരസഭ ഹെൽത്ത് വിഭാഗം സ്വീകരിക്കും. ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. പകർച്ച വ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ മുൻകരുതൽ നടപടികളുമുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് തൊഴിൽ വകുപ്പിൽ നിന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്നും അന്വേഷണമുണ്ടാകും. തൊഴിൽ മേഖലയിലെ വിവരങ്ങളും സുരക്ഷയും ഇതോടൊപ്പം തൊഴിൽ വകുപ്പ് അന്വേഷിക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ പോലീസിന്റെ നേതൃത്വത്തിൽ കണ്ടെത്തും. ബോധവൽക്കരണം നടത്തുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി യോജിച്ച് പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 


ലേബർ ഓഫിസർ അംജീത്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ റിയാസ് പ്ലാമൂട്ടിൽ, ഡോ. സഹല ഫിർദൗസ്, പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, കൗൺസിലർമാരായ സജീർ ഇസ്മായിൽ, എസ് കെ നൗഫൽ, അൻസൽന പരീക്കുട്ടി, ലീന ജെയിംസ്, സെക്രട്ടറി എസ് സുമയ്യ ബീവി, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ അനൂപ് ജി കൃഷ്ണൻ, ലിനീഷ് രാജ്, പി എം നൗഷാദ്, വി എച്ച് അനീസ, ജെറാൾഡ് മൈക്കിൾ, സോണി മോൾ, റാപ്പിഡ് റെസ്പോൺസ് ടീം പ്രതിനിധി കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



   




Post a Comment

0 Comments