Latest News
Loading...

അനാഥരായ അക്ഷരയ്ക്കും ആദിത്തിനും ഈരാറ്റുപേട്ടക്കാരുടെ കൈത്താങ്ങ് ഭവനം കൈമാറും



സ്നേഹ സമ്പന്നരായ നാട്ടുകാരും സേവന സന്നദ്ധരായ യുവാക്കളും ഒന്നിച്ചാൽ ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ട്   എന്നതിന്റെ ഉദാഹരണമാണ് കാരുണ്യത്തിന്റെ പ്രതീകമായി ഉയർന്ന് നിൽക്കുന്ന ഈരാറ്റുപേട്ട കാരക്കാട്ടെ കാരുണ്യ ഭവനം. 

തൊഴിൽ ആവശ്യത്തിനായി എട്ടുവർഷം മുമ്പ്  മുണ്ടക്കയത്ത് നിന്ന് ഈരാറ്റുപേട്ട കാരയ്ക്കാട് എത്തിയതാണ് രമ്യയുടെ കുടുംബം. പെട്ടന്നൊരു ദിവസം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഭർത്താവ് നാടുവിട്ടു. വിദ്യാർത്ഥികളായ 8 വയസ്സുള്ള ആദ്യത്തിനും 13 വയസ്സുള്ള അക്ഷരയും പ്രായമായ മുത്തശ്ശിയുടെയും സംരക്ഷണ ചുമതല രമ്യയുടെ മേൽനോട്ടത്തിലായി. ചെറിയ തൊഴിൽ ചെയ്തു കുടുംബം പോറ്റിയിരുന്ന ഇവർക്ക് വളരെ പെട്ടെന്നാണ് അർബുദരോഗം പിടികൂടിയത്. താമസിയാതെ തന്നെ രണ്ടു മക്കളെയും മുത്തശ്ശിയേയും തനിച്ചാക്കി വേദനയില്ലാത്ത ലോകത്തിലേക്ക് ഇവർ യാത്രയായി .

കിടപ്പാടം പോലും സ്വന്തമായി ഇല്ലാത്ത കുഞ്ഞു മക്കൾ അക്ഷരാർത്ഥത്തിൽ അനാഥരായി. വാടക വീടിന്റെ വാടക പോലും വേണ്ടെന്ന് വെച്ച് വീട് ഉടമ മനുഷത്വം കാണിച്ചു. എന്നാലും കയറിക്കിടക്കാൻ സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത ഈ അനാഥ കുടുംബം പകച്ച് നിന്ന സമയത്താണ് ഈ കുടുംബത്തെ ഏറ്റെടുക്കാൻ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഒരുപറ്റം മനുഷ്യ സ്നേഹികളായ കാരയ്ക്കാട്ടെ യുവാക്കൾ കടന്നുവന്നത്. കാരുണ്യഭവനം എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കാരയ്ക്കാട് സ്കൂൾ മാനേജർ കെ.എ.മുഹമ്മദ് അഷറഫ് , കൗൺസിലർ സുനിൽകുമാർ, സെയ്തു കട്ടി വെള്ളൂപ്പറമ്പിൽ എന്നിവർ രക്ഷാധികാരികളായും പരിക്കൊച്ച് വെള്ളൂപ്പറമ്പിൽ ചെയർമാനും ഫൈസൽ വെട്ടിയാ പ്ലാക്കൽ കൺവീനറും യൂസഫ് ഹിബ ട്രഷററും മായുള്ള കമ്മിറ്റിയാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

താമസിയാതെ കാരക്കാട് ടൗണിൽ തന്നെ അഞ്ച്സെൻറ് സ്ഥലവും വീടും വാങ്ങി. അതി നൂതനമായി തന്നെ മെയിന്റനൻസ് വർക്കുകൾ പെയിൻ്റിംഗ് ജോലികൾ ഉൾപ്പെടെ എല്ലാം നടത്തി താമസ യോഗ്യമാക്കിയിരിക്കുകയാണ്. ഏകദേശം ഏഴ്ലക്ഷത്തോളം രൂപ മുതൽമുടക്കിയാണ് കാരുണ്യ ഭവനം പൂർത്തിയാക്കിയതെന്ന് രക്ഷാധികാരി കെ.എ.മുഹമ്മദ് അഷറഫും യൂസഫ് ഹിബ, സുലൈമാൻ എസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  തുടർന്നും ഈ കുടുംബത്തെ സഹായിക്കുമെന്ന് ഇവർ പറഞ്ഞു. 
വെള്ളിയാഴ്ച  വൈകുന്നേരം 5 ന് കാരയ്ക്കാട് നടക്കുന്ന സമ്മേളനത്തിൽ വെച്ച് കാരയ്ക്കാട്  ജും അ മസ് ജിദ്  ഇമാം മുഹമ്മദ് സാബിത്ത് മൗലവി താക്കോൽ ദാനം നിർവഹിക്കും ഈരാറ്റുപേട്ട  പുത്തൻപള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൗൺസിലർ സുനിൽ കുമാർ, സി.പി. ശശികുമാർ , പരിക്കൊച്ച് വെള്ളൂപ്പറമ്പിൽ ,ഫൈസൽ വെട്ടിയാം പ്ലാക്കൽ എന്നിവർ പ്രസംഗിക്കുമെന്ന് ഇവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു







   




Post a Comment

0 Comments