പാലാ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ 'ഓര്‍മ്മ' പാലായിൽ സംഘടിപ്പിക്കുന്ന ആകെ നാലു ലക്ഷത്തിൽപരം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ ജോസ് തോമസ്, ജോസ് ആറ്റുപുറം, ഷാജി ആറ്റുപുറം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈനിൽ വിജയകരമായ രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 12 ശനിയാഴ്ച പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് വിപുലമായി രീതിയില്‍ ഫിനാലേ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.
കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, ജോസ് കെ മാണി എം പി, മാണി സി കാപ്പന്‍ എം എൽ എ, മുൻ ഡിജിപി ബി സന്ധ്യ ഐപിഎസ്, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ചലചിത്ര സംവിധായകന്‍ സിബി മലയില്‍ തുടങ്ങിയവർ പങ്കെടുക്കും.
കേരളാ ഹൈക്കോടതി മുൻ ജഡ്ജി കെ. നാരായണക്കുറുപ്പ് ചെയര്‍മാനായ പാനലാണ് ഫൈനല്‍ റൗണ്ടില്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളാകുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മുൻ ഡി ജി പി ബി. സന്ധ്യ, ഡോ. ജില്‍സണ്‍ ജോണ്‍, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് വൈസ് പ്രിന്‍സിപ്പൽ ഡോ. ജിലു അനി ജോണ്‍, ഫിലാഡല്‍ഫിയയിലെ പ്രശസ്തനായ അറ്റോര്‍ണി അഡ്വ. ജോസഫ് എം കുന്നേല്‍ എന്നിവരാണ് ഫൈനല്‍ റൗണ്ട് വിധികർത്താക്കൾ.
ഫൈനല്‍ റൗണ്ടില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ക്കും മെഗാ ക്യാഷ് അവാര്‍ഡുകള്‍ക്കുമുള്ള പ്രസംഗകരെനിശ്ചയിക്കുക. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലെ ഏറ്റവും മികച്ച പ്രാസംഗികന് ഒരു ലക്ഷം രൂപ സമ്മാനം നൽകും. ഇരു വിഭാഗങ്ങളിലും ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടുന്നവർക്കു യഥാക്രമം 50,000, 25,000, 15,000 രൂപ വീതം സമ്മാനം നൽകും. മറ്റു സ്ഥാനങ്ങൾ നേടുന്നവർക്കും ക്യാഷ് പ്രൈസുകൾ നൽകും. ഇരു വിഭാഗങ്ങളിൽ നിന്നുമായി 26 പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കർണ്ണാടക, ഡൽഹി, കുവൈറ്റ്, യു എ ഇ, യു കെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മത്സരാർത്ഥികൾ. 'മാറുന്ന ലോകത്തില്‍ ഇന്ത്യ മാറ്റത്തിന്റെ പ്രേരക ശക്തി', 'യുവജനങ്ങളുടെ കര്‍മ്മശേഷിയും ക്രിയാത്മകതയും നശിപ്പിക്കുന്ന ലഹരി വസ്തുക്കള്‍- പ്രശ്നങ്ങളും പരിഹാരങ്ങളും' എന്നീ വിഷയങ്ങളില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒന്നായിരിക്കും ഫൈനല്‍ റൗണ്ടിലെ പ്രസംഗ മത്സരത്തിന്റെ വിഷയം. മത്സരത്തില്‍ നാല് മിനുട്ടാണ് ഒരാള്‍ക്ക് സംസാരിക്കാന്‍ അനുവദിക്കപ്പെട്ട സമയം. രാവിലെ 9 മണിക്ക് തുടങ്ങി 12.30ന് പ്രസംഗ മത്സരം അവസാനിക്കും. തുടർന്ന് രണ്ട് മണി മുതല്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ചലചിത്ര സംവിധായകന്‍ സിബി മലയില്‍ വിജയികളെ പ്രഖ്യാപിക്കും.
അന്താരാഷ്ട്ര തലത്തിലൊരുക്കിയ പ്രസംഗമത്സരത്തിന്റെ ആദ്യത്തെ റൗണ്ടില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി വന്ന നാന്നൂറോളം പ്രസംഗങ്ങളില്‍ നിന്നാണ് രണ്ടാം ഘട്ടത്തിലേക്കുള്ള അമ്പത് പ്രസംഗങ്ങള്‍ തിരഞ്ഞെടുത്തത്. ഇതില്‍ നിന്ന് രണ്ട് വിഭാഗത്തില്‍ നിന്നും പതിമൂന്ന് പേരെ വീതം 26 പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഫൈനല്‍ റൗണ്ടില്‍ മത്സരാര്‍ത്ഥികള്‍ക്കായി വ്യത്യസ്ഥങ്ങളായ മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. മത്സരാര്‍ത്ഥികളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നതിനായി 1.30മുതല്‍ 2.15 വരെ ടോപ് സിംഗര്‍ ഫെയിം റിതുരാജ്, മിയക്കുട്ടി എന്നിവരുടെ മ്യൂസിക് ഷോയും ഒരുക്കിയിട്ടുണ്ട്. ഇന്ന് (ഓഗസ്റ്റ് 11ന് ) അവസാന വട്ട പരിശീലനം കൂടി നല്‍കിയ ശേഷമാകും ഫിനാലേ വേദിയിലേക്ക് മത്സരാര്‍ത്ഥികളെ എത്തിക്കുക. ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ട് അപ്പ് ആണ് അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൻ്റെ ചാനൽ പാർട്ട്നർ.
പത്രസമ്മേളനത്തിൽ ഓർമ ടാലൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഓർമ കേരള ചാപ്റ്റർ പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ, റെജി മോൻ കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
0 Comments