Latest News
Loading...

ജനുവരി 17ന് ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് ഗുളിക നല്‍കും

 ദേശീയ വിരമുക്തി ദിനത്തിന്റെ ഭാഗമായി ജനുവരി 17ന് ജില്ലയിലെ ഒന്നുമുതല്‍ 19 വരെ പ്രായമുള്ള 4.27 ലക്ഷം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വിരയ്ക്കെതിരേയുള്ള ഗുളിക നല്‍കും. അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും കോളജുകളിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുമാണ് ഗുളിക നല്‍കുന്നത്.

 വിരയിളക്കുന്നതിനു നല്‍കുന്ന ആല്‍ബന്‍ഡസോള്‍ ഗുളികയാണ് കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും നല്‍കുന്നത്. ഉച്ചഭക്ഷണശേഷം ചവച്ചരച്ചു വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. പനിയോ, ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ട അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എന്‍. പ്രിയ അഭ്യര്‍ഥിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിരഗുളിക കഴിച്ചവരുള്‍പ്പെടെയുള്ള കുട്ടികളും ഗുളിക കഴിക്കണം.

 ജില്ലയിലെ 4,27,382 കുട്ടികള്‍ക്കാണ് ഗുളിക നല്‍കുന്നത്. 926 സ്‌കൂളുകള്‍, 297 പ്രീ-പ്രൈമറി സ്‌കൂളുകള്‍, 2050 അങ്കണവാടികള്‍, 56 ഡേകെയര്‍ സെന്ററുകള്‍ 24 കോളജുകള്‍ എന്നിവിടങ്ങളില്‍ അധ്യാപകരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഗുളിക നല്‍കും. അങ്കണവാടിയില്‍ പോകാത്ത കുഞ്ഞുങ്ങളെയും സ്വകാര്യനഴ്സറികളില്‍ പഠിക്കുന്ന കുട്ടികളെയും ഉച്ചസമയം അങ്കണവാടികളിലെത്തിച്ചു മരുന്ന് നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്പെഷ്യല്‍ സ്‌കൂളുകള്‍, എം.ആര്‍.എസ്, ബാലഭവന്‍, പോളിടെക്‌നിക്, ഐ.ടി.ഐ, പാരലല്‍ കോളജുകള്‍ എന്നിവയിലെ കുട്ടികള്‍ക്കും ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മണ്ണിലൂടെ ആഹാരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ കുട്ടികളുടെ ശരീരത്തിലെ പോഷണമൂല്യം വലിയൊരളവുവരെ ചോര്‍ത്തിയെടുക്കുന്നുണ്ട്. തന്മൂലം കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച, വളര്‍ച്ച മുരടിപ്പ്, പ്രസരിപ്പില്ലായ്മ, ഇരുമ്പിന്റെ കുറവ് തുടങ്ങിയവ പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഗുളിക നല്‍കല്‍. കുട്ടികളിലെ വിരസാന്ദ്രത കുറയ്ക്കുന്നതിലൂടെ സമൂഹത്തിലും, മണ്ണിലും ധാരാളമായി നിലനില്‍ക്കുന്ന വിരകളെ നശിപ്പിക്കുന്നതിനാണ് ഒറ്റ ദിവസത്തെ ഗുളിക നല്‍കല്‍ കൊണ്ടു ലക്ഷ്യമിടുന്നത്.

 മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലെ മണ്ണിലും 48 ശതമാനത്തോളം വിരസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശപ്രകാരമാണ് ഭാരതസര്‍ക്കാരിന്റെ പരിപാടി സംസ്ഥാനത്തും നടപ്പാക്കുന്നത്.

Post a Comment

0 Comments