Latest News
Loading...

ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം വേണം: പി. സതീദേവി

കോട്ടയം: ആരോഗ്യകരമായ ദാമ്പത്യ ബന്ധങ്ങൾക്കായുള്ള ബോധവത്ക്കരണം സമൂഹത്തിൽ അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. ചങ്ങനാശ്ശേരി ഇ.എം.എസ്. മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന കേരള വനിതാ കമ്മീഷൻ അദാലത്തിൽ പരാതികൾ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. ലിംഗനീതി ഉറപ്പുവരുത്താനായി വീടുകളുടെ അകത്തളങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമെല്ലാം ബോധവൽക്കരണ പരിപാടികൾ കമ്മീഷൻ സംഘടിപ്പിക്കും. ഇത്തരം കാമ്പയിനുകൾ സംഘടിപ്പിക്കുക വഴി സാമൂഹിക അവബോധം സൃഷ്ടിക്കാനാകുമെന്നും വനിതാകമ്മീഷൻ അധ്യക്ഷ പറഞ്ഞു. സ്ത്രീ വിരുദ്ധമായ പ്രവണതകൾ സമൂഹത്തിൽ വ്യാപകമാണെന്ന് പരാതികളിലൂടെ മനസിലാക്കുന്നതായി കമ്മീഷൻ പറഞ്ഞു.



തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കി പരാതികളുടെ തുടക്കത്തിൽ തന്നെ പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തും. ഇതിനായി ജാഗ്രതാ സമിതികൾക്കുള്ള പരിശീലനം ജില്ലയിൽ ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തിയിട്ടുണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതികൾക്ക് കമ്മീഷൻ നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തദ്ദേശഭരണവകുപ്പ് മുഖേനെയാണ് അപേക്ഷ സ്വീകരിക്കുക. കൃത്യമായി പരാതികൾ കൈകാര്യം ചെയ്യുന്നത്, എത്രത്തോളം പരാതി കൈകാര്യം ചെയ്തു തുടങ്ങിയവ മാനദണ്ഡമാക്കും.
ജില്ലാ പഞ്ചായത്തു തലത്തിലെ ജാഗ്രതാ സമിതിയാണ് ഇക്കാര്യം പരിശോധിക്കുക. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിങ്ങനെ നാലു തലങ്ങളിൽ ജാഗ്രതാ സമിതികൾക്ക് അവാർഡുകൾ നൽകും. വനിതാ ദിനത്തിലാണ് (മാർച്ച് 8) അവാർഡ് നൽകുക.

കമ്മീഷന് മുന്നിലെത്തിയ 75 പരാതികളിൽ 18 എണ്ണം തീർപ്പാക്കി. നാലു പരാതികളിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. 53 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.

വനിതാ കമ്മീഷൻ അംഗങ്ങളായി പുതിയതായി ചുമതലയേറ്റ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ബി.ആർ. മഹിളാമണി എന്നിവർ അദാലത്തിൽ പങ്കെടുത്തു. കമ്മീഷൻ അഭിഭാഷകരായ ഷൈനി ഗോപി, സി.എ. ജോസ്, സി.കെ. സുരേന്ദ്രൻ, വനിതാ പൊലീസ് സെൽ ഉദ്യോഗസ്ഥർ, വനിതാ കമ്മീഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments