Latest News
Loading...

പാലായിലെ ആദ്യ ഗാന്ധി സ്മാരകം നാളെ നാടിനു സമർപ്പിക്കും

പാലാ: മൂന്നാനിയിൽ മഹാത്മാഗാന്ധി പ്രതിമ നാളെ അനാവരണം ചെയ്യപ്പെടുമ്പോൾ പാലായുടെ ചരിത്രത്തിലെ ആദ്യ ദേശീയ സ്മാരകമായി മാറും. സമീപപ്രദേശങ്ങളായ കോട്ടയം, വൈക്കം, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ ഗാന്ധിജിക്ക് സ്മാരകങ്ങൾ നിലവിലുണ്ടെങ്കിലും പാലായിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ഗാന്ധിജിയുടെ 150 മത് ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധിസ്ക്വയറും പ്രതിയും സ്ഥാപിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനിച്ചത്. 2012 ൽ അമേരിക്കയിലെ ഫ്ലോറിഡാ സംസ്ഥാനത്തെ ഡേവിസിറ്റിയിൽ പാലാക്കാരനായ അഡ്വ ജോയി കുറ്റിയാനിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം അരയേക്കറിൽ അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്ക്വയർ സ്ഥാപിച്ചത് ഫൗണ്ടേഷൻ പ്രവർത്തകർക്കു പ്രതിമ സ്ഥാപിക്കാൻ പ്രചോദനമായി.

പിന്നീട് പ്രതിമ സ്ഥാപിക്കാൻ പറ്റിയ സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. നഗരത്തിലെ തിരക്കുള്ള ഭാഗങ്ങൾ ഒഴിവാക്കി വേണമെന്ന തീരുമാനത്തിൻ്റെ ഭാഗമായുള്ള അന്വേഷണത്തിനൊടുവിലാണ് മൂന്നാനിയിൽ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്സ് ചേംബർ കോമ്പൗണ്ടിൽ സ്ഥലം കണ്ടെത്തിയത്. തുടർന്നു പ്രതിമ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ നഗരസഭാ കൗൺസിലിന് അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച പാലാ നഗരസഭ കൗൺസിൽ ഐക്യകണ്ഠേന സ്ഥലം ലഭ്യമാക്കാൻ 2019 ൽ തീരുമാനിച്ചു. തുടർന്നു ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസും നഗരസഭാ സെക്രട്ടറി എ നവാസും ചേർന്ന് ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടു. ലോയേഴ്സ് ചേംബറിലേയ്ക്കുള്ള വിശാലമായ റോഡിൽ 12 അടി സ്ക്വയർ സ്ഥലമാണ് നഗരസഭ അനുവദിച്ചത്. തുടർന്നു പ്രതിമയും ഗാന്ധിസ്ക്വയറും സ്ഥാപിക്കാനുള്ള നടപടികൾക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തുടക്കമിട്ടു. പ്രതിമ നിർമ്മാണത്തിനായി കമ്മിറ്റിയും രൂപീകരിച്ചു. പ്രവർത്തനങ്ങൾ നടന്നുവരവെ കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. 

.

.കോവിഡ് 19 ശമിച്ചപ്പോൾ പ്രതിമാസ്ഥാപന പ്രവർത്തനങ്ങൾ പുന:രാരംഭിച്ചു. ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, ടോണി തോട്ടം, അനൂപ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.  

ഡേവിസിറ്റിയിലെ ഗാന്ധിസ്ക്വയറിൻ്റെ എഞ്ചിനീയറിംഗ് നിർവ്വഹിച്ച ഫ്ലോറിഡ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് ബോർഡ് ചെയർ ബാബു വർഗീസ് പാലായിലെ ഗാന്ധിസ്ക്വയർ നിർമ്മാണത്തെ സഹായിക്കാൻ സന്നദ്ധത അറിയിച്ചു. സ്ഥലത്തെത്തിയ അദ്ദേഹം വിശാലമായ പ്ലാറ്റ്ഫോറം വേണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. തുടർന്നു അദ്ദേഹത്തിൻ്റെ നിർദ്ദേശാനുസരണം രാജേഷ് എസ് പ്ലാൻ തയ്യാറാക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ 12 അടി സ്ക്വയർ സ്ഥലം കൂടി നഗരസഭ വീണ്ടും ലഭ്യമാക്കി.

തുടർന്നു പ്രതിമ നിർമ്മാണത്തിനായി ചേരാസ് രവിദാസ് എന്ന ശില്പിയെ ചുമതലപ്പെടുത്തി. ഗാന്ധിജി മെഡിറ്റേഷൻ നിർവ്വഹിക്കുന്ന രീതിയിലുള്ള പ്രതിമയാണ് തയ്യാറാക്കിയിരിക്കുന്നത്. ഐസോ റെസിൻ എന്ന മെറ്റീരിയലിൽ നാലര അടി ഉയരം പ്രതിമയ്ക്കുണ്ട്. മൂന്നരയടി ഉയരമുള്ള വിശാലമായ ഗ്രാനൈറ്റ് പ്ലാറ്റ്ഫോമിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൂഞ്ഞാർ - ഏറ്റുമാനൂർ ഹൈവേയിൽ നിന്നും ലോയേഴ്സ് ചേംബറിലേയ്ക്കുള്ള വിശാലമായ റോഡിൻ്റെ 50 മീറ്റർ ഉള്ളിലായിട്ടാണ് ഗാന്ധി സ്ക്വയറും പ്രതിമയും നിർമ്മിച്ചിട്ടുള്ളത്. പൂർണ്ണമായും പൊതുജന സഹകരണത്തോടെ 12 ലക്ഷത്തോളം രൂപ ചെലവൊഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഉച്ചയ്ക്ക് 12.15 ന് പ്രതിമ അനാവരണം ചെയ്തു നാടിനു സമർപ്പിക്കും. ചടങ്ങിൽ എം പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, മാണി സി കാപ്പൻ എം എൽ എ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, ഫൗണ്ടേഷൻ രക്ഷാധികാരി ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ഉപഹാരം ചെയർമാൻ എബി ജെ ജോസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമർപ്പിക്കും. 



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments