Latest News
Loading...

അജയ്യരായി അർജന്റീന. കളം നിറഞ്ഞ് മെസി


88966 കാണികളെ സാക്ഷിയാക്കി ആദ്യ സെമിയിൽ ഫൈനൽ ടിക്കറ്റ് നേടി അർജന്റീന. ക്രൊയേഷ്യക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജൻറീന ഫൈനൽ പ്രവേശനം നടത്തിയത്. ആദ്യ 20 മിനിറ്റിനു ശേഷം കളം നിറഞ്ഞ അർജൻറീനയെ പിടിച്ചു കെട്ടാൻ ക്രൊയേഷ്യക്കായില്ല.

 33-ാം മിനുട്ടിൽ സ്റ്റേഡിയത്തെ പൊട്ടിത്തരിപ്പിച്ച് മെസിയുടെ ഗോൾ പിറന്നു. ലോകകപ്പിൽ അർജൻറീനക്കായി ഏറ്റവും അധികം ഗോളടിക്കുന്ന താരം എന്ന വിശേഷണവും മെസ്സി സ്വന്തമാക്കി. 11 ഗോളുമായി ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസ്സി മറികടന്നത്. ഈ ലോകകപ്പിൽ അഞ്ചു ഗോളുമായി എമ്പാപ്പെയ്ക്കൊപ്പം എത്തി .


ഗോൾ പിറന്നതോടെ കളിക്കളം ചൂട് പിടിച്ചു. നാലു മിനിറ്റുള്ളിൽ അർജൻറീനയുടെ രണ്ടാം ഗോളും വന്നു. സ്വന്തം ഹാഫില്‍ നിന്നും കിട്ടിയ പന്തുമായി എതിരാളികളെ മറികടന്നെത്തിയ ജൂലിയൻ അൽവാരസാണ് ഗോൾ നേടിയത് . അൽവാസിന്റെ ലോകകപ്പിലെ മൂന്നാം ഗോളാണിത്. 

രണ്ടു മാറ്റങ്ങളുമായാണ് രണ്ടാം പകുതിയിൽ ക്രൊയേഷ്യ ഗ്രൗണ്ടിൽ എത്തിയത്. ബോർണ സോസയെയും മാരിയോയെയും പിൻവലിച്ച് പകരം മിസ്ളേവ് ഓർസിക്, നിക്കോള വ്ളാസിക് എന്നിവരെ കളത്തിലിറക്കി. രണ്ട് ഗോളിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ അർജൻറീന ആക്രമിച്ചു കളിച്ചു. 50 ആം മിനിറ്റിൽ ബ്രൗസോവിച്ചിനെ പിൻവലിച്ചു പെറ്റ് കോവിചിനെനെയിറക്കി ക്രയേഷ്യ മൂന്നാം സബ്സ്റ്റിറ്റ്യൂഷൻ നടത്തി. 58 ആം മിനിറ്റിൽ മെസ്സി നടത്തിയ ഉജ്ജ്വലമായ ഒരു ഗോള്‍ശ്രമം ലിവാകോവിച്ചിന്റെ കയ്യിൽ ഒതുങ്ങി . പിന്നാലെ പരിദിസിനെ പിൻവലിച്ച് അർജന്റീന ലിസാൻഡ്രോ മാർട്ടിസിനെ ഇറക്കി. 60 മിനിറ്റുകൾ പിന്നിടുമ്പോൾ അർജൻറീന 8 ഗോൾ ശ്രമങ്ങൾ നടത്തിയപ്പോൾ ക്രൊയേഷ്യയുടെതായി ഒരു ശ്രമം മാത്രമാണ് ഉണ്ടായത്.
68-ാം മിനുട്ടിൽ അൽവാരസ് രണ്ടാം ഗോൾ നേടി. ബോക്സിലെ കൂട്ട പൊരിച്ചിലിന് ഇടയിൽ മെസ്സി നൽകിയ പാസ് അൽവാരസ് വലയ്ക്കുളിലേക്ക് ചെത്തിയിട്ടു. പിന്നാലെ അൽ വാരസിനെയും റോഡിഗോ ഡി പോളിനെയും പിൻവലിച്ചു. 72-ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് ക്രയേഷ്യക്ക് വലയിൽ എത്തിക്കാനായില്ല. 


അവസാനമിനുട്ടുകളിൽ ക്രൊയേഷ്യ തുടരെ തുടരെ അർജൻറീന ഹാഫിൽ ആക്രമണങ്ങൾ നടത്തിയെങ്കിലും ഫലവത്തായില്ല. ഇതോടെ ക്രൊയേഷ്യൻ ആരാധകർ നിശബ്ദരായി. എക്സ്ട്രാ ടൈമിൽ നടത്തിയ നീക്കങ്ങൾക്കും ഫലം ഇല്ലാതായതോടെ ക്രൊയേഷ്യൻ സ്വപ്നങ്ങൾ സെമിയിൽ അവസാനിച്ചു. 

Post a Comment

0 Comments