ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലാമേള വേദിക 2022 ഡിസംബര്‍ 9, 10 തീയതികളില്‍ ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സി.ബി.എസ്.ഇ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് 2014ല്‍ ഉത്സവാന്തരീക്ഷത്തില്‍ സംഘടിപ്പിച്ച ജില്ലാ കലാമേളയുടെ വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയവും സംഘാടകസമിതിയും നാട്ടുകാരും.
കോട്ടയം ജില്ലയിലെ അമ്പതോളം വിദ്യാനികേതന്‍ സ്‌കൂളുകളില്‍ നിന്നായി 2000ത്തില്‍ പരം കുട്ടികളും, അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും കാണികളും ഉള്‍പ്പടെയുള്ളവര്‍ ഈ കലാമേളയില്‍ പങ്കെടുക്കും. എട്ടുവേദികളിലായി പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുക. കലയുടെയും സംസ്‌കാരത്തിന്റെയും സര്‍ഗാത്മക ഭാവങ്ങള്‍ പ്രതികളിലേയ്ക്ക് ആവാഹിച്ച് മത്സരത്തിലെ കാലുഷ്യങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും കലോത്സവം എന്ന പേര് അന്വര്‍ത്ഥമാക്കാനുള്ള പ്രയത്‌നത്തിലാണ് സംഘാടക സമിതി.
സഹകരണ - രജിസ്‌ട്രേഷന്‍ - സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, രാജ്യസഭാ എം.പി. ജോസ് കെ. മാണി, ലോക്‌സഭാ എം.പി. തോമസ് ചാഴികാടന്‍, പാലാ എം.എല്‍.എ. മാണി സി കാപ്പന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ്. കലാമേളയുടെ വിജയത്തിനായി പാലായിലെ പ്രമുഖ അഭിഭാഷകനും ഹൈക്കോടതി കേന്ദ്ര ഗവ കോണ്‍സലുമായ അഡ്വ. രാജേഷ് പല്ലാട്ട് ചെയര്‍മാനായും രാമപുരം ടെമ്പിള്‍ ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബി.സി. ലാല്‍ വൈസ് ചെയര്‍മാനായുമുള്ള സംഘാടക സമിതി കഴിഞ്ഞ ഒരുമാസമായി പ്രവര്‍ത്തിച്ചു വരുന്നു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ബിജു കൊല്ലപ്പിള്ളി ജനറല്‍ കണ്‍വീനറും ശ്രീ. സാമവര്‍മ്മ രാജാ ജോയിന്റ് ജനറല്‍ കണ്‍വീനറുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഡിസംബര്‍ 9 വെള്ളിയാഴ്ച രാവിലെ 9.30ന് അംബികാ വിദ്യാഭവന്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി. കെ. ജയശ്രീ ഐ.എ.എസ്. ''വേദിക 2012' ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര സംവിധായകനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരം റീജിയണല്‍ ബോര്‍ഡ് മെമ്പറുമായ വിജി തമ്പി വിശിഷ്ടാതിഥിയായിരിക്കും. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ അധ്യക്ഷ എം.എസ്. ലളിതാംബിക തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
ഡിസംബര്‍ പത്താം തീയതി വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകന്‍ ജിന്‍സ് ഗോപിനാഥ് സമ്മാനദാനം നിര്‍വഹിക്കും. കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു , മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക