Latest News
Loading...

പാലാ രൂപത ബൈബിൾ കൺവെൻഷൻ ഡിസംബർ 19 മുതൽ

40-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ  ഡിസംബർ 19 തിങ്കൾ മുതൽ 23 വെള്ളി വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷമാണ്. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്നു ദൈവവചനം ശ്രവിച്ച് പരിശുദ്ധാത്മാവിനാൽ പൂരിതമായി, കുമ്പസാരം, വിശുദ്ധ കുർബാന എന്നീ കൂദാശകളുടെ ഫലപ്രദമായ സ്വീകരണത്തിലൂടെ ജീവിത നവീകരണത്തിലേക്കു കടന്നുവരുന്ന അവസരമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന രൂപതാ ബൈബിൾ കൺവെൻഷനെന്ന് രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയർ  ഫാ. സേവ്യർഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് 5 ദിവസത്തെ കൺവൻഷൻ നയിക്കുന്നത്. പാലാ രൂപതയിലെ വിശ്വാസസമൂഹം പങ്കെടുക്കുന്നതിനായി ഈ വർഷം സായാഹ്ന കൺവെൻഷനായിട്ടാണ് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 3.30 -ന് ജപമാലയും 4.00-ന് വി. കുർബാനയോടെയും ആരംഭിച്ച് രാത്രി 8.30-ന് ദിവ്യകാരുണ്യആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.   

തിങ്കളാഴ്ച വൈകുന്നേരം 5-ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, രൂപത പാട്ടോ സിഞ്ചെല്ലൂസ്, വികാരി ജനറാൾമാർ തുടങ്ങിയവർ കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 20-ാം തീയതി മുതലുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം കുമ്പസാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

പബ്ലിസിറ്റി, സ്വീകരണം, ഫിനാൻസ്, പന്തൽ, അക്കമഡേഷൻ, ആരാധനക്രമം ഫുഡ്, ട്രാഫിക്, വോളണ്ടിയർ, സ്റ്റേജ്, ലൈറ്റ് & സ്ഥപ്രാർത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികൾ കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകും.

പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിനു ജനങ്ങൾക്ക് ദൈവവചനം കേൾക്കാനും ദൈവാരാധനയിൽ പങ്കെടുക്കാനും വേണ്ട ഒരുലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തിലും മറ്റു സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments