Latest News
Loading...

തലപ്പലം വില്ലേജ് ഓഫീസ് കെട്ടിട നിർമാണം വൈകുന്നു

രണ്ട് വർഷത്തോളം മുൻപ് ശിലാഫലക അനാച്ഛാദനം നടത്തിയ തലപ്പലം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പുതിയ കെട്ടിട നിർമാണം ഫയലിൽ ഉറങ്ങി. ഫയലുകൾ മഴ നനയാതിരിക്കാൻ ടാർപോളിൻ വലിച്ചുകെട്ടിയ കെട്ടിടത്തിൽ നിന്നും ഓഫീസ് മാറ്റിയെങ്കിലും പുതിയ മന്ദിരനിർമാണം ഇഴയുകയാണ്. പഴയ കെട്ടിടം ഇതോടെ മദ്യപാനികളുടെ കേന്ദ്രമായി.

തിരുവിതാംകൂർ രാജഭരണകാലത്ത് നിർമിച്ച നൂറ്റമ്പത് വർഷത്തോളം പഴക്കമുള്ള തലപ്പുലം വില്ലേജ് ഓഫീസ് ചരിത്രനിർമിതി കൂടിയാണ്. പന്ത്രണ്ട് ഒറ്റക്കൽ തൂണുകളിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. തോട്ടം പുരയിടം വിഷയവുമായി ബന്ധപ്പെട്ട് പല രേഖകളും ലഭ്യമായതും ഈ പുരാതന വില്ലേജ് ഓഫീസിൽ നിന്നായിരുന്നു. കാലപ്പഴക്കത്തിൽ ചോർന്നൊലിച്ച് ശോച്യാവസ്ഥയിലായതോടെ ഓഫീസ് മറ്റൊരു കെട്ടിടത്തിലേയ്ക്ക് താൽക്കാലികമായി മാറ്റി. പുതിയ കെട്ടിടനിർമാണത്തിന് റിബിൽഡ് കേരളയിൽ പെടുത്തി നാൽപത് ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ശിലാസ്ഥാപനവും നടത്തി. എന്നാൽ നിർമാണം ഒരടി പോലും മുന്നോട്ട് പോയില്ല.


അൻപത് സെന്റിലധികം വരുന്ന റവന്യൂഭൂമിയിലെ മരം മുറിക്കുന്നതിന് വനംവകുപ്പ് നിശ്ചയിച്ച ഉയർന്ന വിലമൂലം മരം മുറിക്കാനാകാത്തതും തടസമാണ്. പഴയ കെട്ടിടത്തിലും പരിസരത്തും ഇപോൾ മദ്യ ക്കുപ്പികൾ ചിതറിക്കിടക്കുകയാണ്. ചരിത്രശേഷിപ്പായ കെട്ടിടത്തെ നിലനിർത്തി പുതിയ കെട്ടിടം നിർമിക്കാനാണ് മുൻപ് നിശ്ചയിച്ചിരുന്നത്. നിർമാണം വൈകുന്നതിനെതിരെ കഴിഞ്ഞദിവസം പാലായിലെത്തിയ റവന്യൂമന്ത്രിയ്ക്ക് സിപിഐ പ്രാദേശികഘടകം നിവേദനം നല്കിയിരുന്നു. 


എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ പ്രദേശത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഉടനാരംഭിക്ക ണമെന്നാണ് ആവശ്യമുയരുന്നത്. തടിവെട്ടിയശേഷം ലേലം ചെയ്യണമെന്ന് റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടതായും അടുത്തമാസം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ച് പരിഹാരം കാണമെന്നും മാണിസികാപ്പന്‍ എമ്മെല്ലെ അറിയിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments