Latest News
Loading...

ജൂബിലി തിരുനാളിന് ഡിസംബര്‍ ഒന്നിന് കൊടിയേറും

പാലാ ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് ഡിസംബര്‍ ഒന്നിന് കൊടിയേറും. പാലാ കത്തീഡ്രല്‍, ളാലം പഴയ പള്ളി, പുത്തന്‍പള്ളി ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തിരുനാള്‍ നടത്തപ്പെടുന്നത്. ഒന്നാം തീയതി വൈകിട്ട് ആറരയ്ക്ക് കത്തീഡ്രല്‍ പള്ളിവികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൊടിയേറ്റു കര്‍മ്മം നിര്‍വഹിക്കും. 7 മണിക്ക് സിവൈ എംഎല്‍ നാടകമേള ആരംഭിക്കും. ഡിസംബര്‍ 2 മുതല്‍ 6 വരെ രാവിലെ അഞ്ചരയ്ക്കും വൈകിട്ട് അഞ്ചരയ്ക്കും വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. 

വൈകിട്ട് 6 മണിക്ക് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും പുത്തന്‍ പള്ളിയില്‍നിന്നുമുള്ള പ്രദിക്ഷണങ്ങള്‍ സാന്തോം കോംപ്ലക്‌സില്‍ സംഗമിക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കുരിശുപള്ളിയിലേക്ക് ആഘോഷകരമായ പ്രദക്ഷിണം നടക്കും. 

.പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് രാവിലെ ആറരയ്ക്ക് പാലാ രൂപതദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. എട്ടുമണിക്ക് സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരിയന്‍ റാലി നടക്കും. 10 മണിക്ക് ഫാദര്‍ ദേവസ്യാച്ചന്‍ വട്ടപ്പലം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പതിനൊന്നരയ്ക്ക് ജൂബിലി ആഘോഷ കമ്മിറ്റിയുടെ സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. സെന്‍ തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ചു ളാലം പാലം ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് സിവൈ എംഎല്‍ പാലാ സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സി മത്സരം കുരിശുപള്ളി ജംഗ്ഷനില്‍ നടക്കും.

 തുടര്‍ന്ന് ജൂബിലി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരവും പ്രധാന വീഥിയില്‍ നടക്കും. വൈകിട്ട് 4 മണിക്ക് ടൗണ്‍ ചുറ്റി പ്രദക്ഷിണം നടക്കും. രാത്രി എട്ട് നാല്‍പത്തിയഞ്ചിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ സന്ദേശം നല്‍കി സമ്മാനദാനം നിര്‍വഹിക്കും. ഒമ്പതാം തീയതി മാതാവിന്റെ തിരുസ്വരൂപം തിരികെ കുരിശുപള്ളിയില്‍ പ്രതിഷ്ഠിക്കുന്നതോടെ ജൂബിലി തിരുനാളിനു സമാപനമാകും.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments