Latest News
Loading...

ഇടനാട് ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടം പുതിയ മന്ദിരം ഉദ്ഘാടനം

അടച്ചുപൂട്ടൽ സാഹചര്യങ്ങളെ അഭിമുഖീകരിച്ച ഘട്ടത്തിൽ കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഫലപ്രദമായ ഇടപെടലിലൂടെയാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ശക്തിയാർജിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ ശിവൻകുട്ടി പറഞ്ഞു.  ഇടനാട് ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടം പുതിയ മന്ദിരം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി .
ഒന്നാം പിണറായി സർകാരിന്റെ കാലത്ത് തുടക്കം കുറിച്ച നവകേരള മിഷന്റെ ഭാഗമായി രൂപികരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 3500 കോടിയിൽപരം രൂപാ ചിലവഴിച്ചാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ നവീകരിച്ചത്. ഇത് ചരിത്രമാണ്.

 പൊതുവിദ്യാഭ്യാസ രംഗത്ത് ചുരുങ്ങിയ സമയത്തിനകം ഇത്രയേറെ മുതൽ മുടക്ക് രാജ്യത്ത്തന്നെ ആദ്യമാണ്. കിഫ്ബിയിൽനിന്ന് മാത്രം 2500 കോടിയാണ് ചിലവഴിച്ചത്. പ്ലാൻ ഫണ്ടിൽ നിന്നുള്ള 650 കോടിയിൽപരം രൂപയും മറ്റ് വിവിധ ഫണ്ടുകളിൽ നിന്നുള്ള കോടിക്കണക്കിന് തുകയും സ്കൂളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി വിനിയോഗിച്ചു. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ മികവ് സൂചികയിൽ ഒന്നാമത് എത്തിയ കേരളത്തിന്റെ നേട്ടം. 

മഹാമാരി കാലത്തും പഠനപാതയിൽ ഉറച്ച്നിന്ന് മുന്നേറാൻ കഴിഞ്ഞ നാടിന്റെ കൂട്ടായ  
പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഈ കൂട്ടായ്മ ശക്തിപ്പെടുത്തി പൊതു വിദ്യാഭ്യാസ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയുള്ള വിദ്യാഭ്യാസ പരിഷ്കരണമാണ് സർകാർ ലക്ഷ്യമിടുന്നത്. ഇതിനായി പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നിയുള്ള വിഷയങ്ങൾകൂടി ഉൾപ്പെടുത്തിയാകും പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുക. 

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾക്കനുസൃതമായി കുട്ടികളുടെ എണ്ണത്തിൽ കൂടുതൽ വർധന കൈവരിക്കേണ്ടതുണ്ട്. ഇതിനായി അധ്യാപകരും പിടിഎകളും കൂടുതൽ താൽപര്യത്തോടെ ശ്രദ്ധാപൂർവ്വം ഇടപെടൽ നടത്തി നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ പരിശ്രമിക്കണം. പലവിധ വൈഷമ്യങ്ങൾ നേരിടുന്ന കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണ് വിദ്യാലയങ്ങളിൽ എത്തുന്നതിൽ ഏറെയും. ഈ കുട്ടികളുടെ രക്ഷിതാക്കളാകാൻ അധ്യാപകർക്ക് കഴിയണം. ഓരോ കുട്ടിയുടെയും പഠനകാര്യങ്ങളിലെന്നപോലെ അവരുടെ ഭക്ഷണകാര്യങ്ങളിലും നേരിടുന്ന മാനസിക പ്രശ്നങ്ങളിലും പരിഹാരം തേടാൻ അധ്യാപകർക്ക് കഴിയണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


ബഹുജന പങ്കാളിത്തം നിറഞ്ഞ ആഘോഷങ്ങളാൽ ഉത്സവഛായ പകർന്ന അന്തരിക്ഷത്തിലായിരുന്നു പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ്. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരങ്ങൾ മന്ത്രി വിതരണം ചെയ്തു. സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനായി. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. എസ്എസ്കെ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ കെ ജെ പ്രസാദ് പദ്ധതി വിശദീകരണവും പിഡബ്ല്യുഡി കെട്ടിടവിഭാഗം സൗത്ത് സർക്കിൾ സൂപ്രണ്ടിംങ് എൻജിനിയർ എം ജി ലൈജു സാങ്കേതിക റിപ്പോർട്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, കരൂർ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, മറ്റ് ജനപ്രതിനിധികളായ സീനാ ജോൺ, ആനിയമ്മ ജോസ്, അഖില അനിൽകുമാർ, ഷീലാ ബാബു കുര്യത്ത്, അനസ്യ രാമൻ, ഡയറ്റ് പ്രിൻസിപ്പൽ ആർ പ്രസാദ്, കൈറ്റ് കോർഡിനേറ്റർ കെ ബി ജയശങ്കർ, എഇഒ കെ കെ ജോസഫ്, ബിപിസി ടി എസ് ഷൈനിമോൾ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, കേരള ബാങ്ക് ഡയറക്ടർ കെ ജെ ഫിലിപ്പ് കുഴികുളം, എം പി സജി, പി എൻ സോമശേഖരൻ നായർ, സജി മഞ്ഞക്കടമ്പിൽ, പി എസ് ജയകുമാർ, അനഘ ജെ കോലത്ത്, സുമതി ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എം കെ അജിതമോൾ എന്നിവർ സംസാരിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments