Latest News
Loading...

മാർ ജേക്കബ് മുരിക്കൻ ഇനി ഏകാന്ത സന്യാസത്തിലേയ്ക്ക്

പാലാ രൂപത സഹായമെത്രാനായിരുന്ന മാർ ജേക്കബ് മുരിക്കൻ പിതാവ് ഏകാന്ത സന്യാസത്തിലേയ്ക്ക്.  ബിഷപ്പിന്റെ  രാജി സിനഡ് അംഗീകരിച്ചതോടു കൂടിയാണ്  സന്യാസജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള ആഗ്രഹം സാധ്യമായത്. സന്യാസ ജീവിതത്തിന് ഒരുങ്ങുന്ന, പ്രത്യേക കഷായ വസ്ത്രം ധരിച്ച അദ്ദേഹത്തിൻറെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

 കുട്ടിക്കാനത്തു നിന്നും ഉള്ളിലായുള്ള ആശ്രമത്തിലാണ് മുരിക്കൻ പിതാവും ചങ്ങനാശ്ശേരിയിൽ നിന്നുള്ള മറ്റൊരു വൈദികനും ഏകാന്ത ജീവിതം നയിക്കുക. . എന്നാൽ സന്ദർശകരെ പൂർണമായി വിലക്കിയിട്ടില്ല. ഭൂരിഭാഗവും പ്രാർത്ഥനകൾക്കായാണ് സമയം ചെലവഴിക്കുന്നത്. 

 


ലളിത ജീവിതം നയിക്കുന്ന മുരിക്കൻ പിതാവ് പുരോഹിതന്മാർക്കിടയിലും മെത്രാന്മാർക്കിടയിലും വേറിട്ടൊരു വ്യക്തിതമായിരുന്നു. ഇതര മതസ്ഥനായ സഹോദരന് തന്റെ വൃക്കകളിൽ ഒന്ന് ദാനം ചെയ്ത് അദ്ദേഹം മുൻപും മാതൃക കാട്ടിയിട്ടുണ്ട്. ആറുമാസത്തിലൊരിക്കൽ രക്തദാനത്തിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അവയവദാനത്തിനു ശേഷവും രക്തം ദാനം ചെയ്യുന്നത് അപൂർവ്വമാണ്. കീഴതടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്ന ജോർജ് സി കാപ്പനെ ആദരിക്കാനായി ചേർന്ന യോഗമായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി.  

രക്തദാന രംഗത്തെ സജീവ പ്രസ്ഥാനമായ പാലാ ബ്ലഡ് ഫോറത്തിന്റെ ആദ്യകാല മെമ്പറാണ് മുരിക്കൻ പിതാവ്. A നെഗറ്റീവ് ഗ്രൂപ്പുകാരനായ അദ്ദേഹം 45 ഓളം തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. 

സീറോ മലബാർ സഭയിൽ ഇതാദ്യമായാണ് ഒരു ബിഷപ്പ് സ്വയം സ്ഥാനമൊഴിയുന്നത് . കുറച്ചു വർഷം മുമ്പ് സേലം ബിഷപ്പ് സിംഗരായൻ സ്വയം വിരമിച്ച് ഒരു പള്ളിയിൽ കൊച്ചച്ചനായി സേവനം ചെയ്യാൻ തീരുമാനിച്ചത് വാർത്തയായിരുന്നു. 





Post a Comment

0 Comments