Latest News
Loading...

ഒടുവില്‍..വാഗമണ്‍ റോഡ് ടാറിംഗ് ആരംഭിച്ചു

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദുരിതയാത്രയ്ക്ക് അവസാനമാകുന്നു. ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ റീടാറിംഗ് ജോലികള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷന്‍ മുതല്‍ തീക്കോയി വരെയുള്ള ഭാഗമാണ് ടാര്‍ ചെയ്യുന്നത്. എംഇഎസ് ജംഗ്ഷനില്‍ ഇന്ന് രാവിലെ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. തീക്കോയി വരെ ആദ്യ 6 കിലോമീറ്റര്‍ ബിഎം നിലവാരത്തിലാണ് പൂര്‍ത്തിയാക്കുക. ബാക്കി ഭാഗം കുഴിയടയ്ക്കല്‍ ജോലികളാവും നടത്തുക. ഈ പണികള്‍ ഈ മാസം കൊണ്ട് പൂര്‍ത്തികരിക്കാനണ് ശ്രമിക്കുന്നത്. കിഫ്ബി ഫണ്ടുപയോഗിച്ചുള്ള ജോലികള്‍ പിന്നീട് നടക്കും.

7 വര്‍ഷമായി തകര്‍ന്നുകിടക്കുന്ന റോഡ് റീടാറംഗ് ജോലികള്‍ പലതവണ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അനന്തമായി നീളുകയായിരുന്നു. ഒന്നരമാസം മുന്‍പ് പിഡബ്ല്യുഡി വകുപ്പ് മന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്‌തെങ്കിലും പണികള്‍ വീണ്ടും വൈകിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 23 കിലോമീറ്റര്‍ നീളമുള്ള ഈരാറ്റുപേട്ട എംഇഎസ് - വാഗമണ്‍ വഴിക്കടവ് റോഡ് നവീകരണത്തിന് 3 വര്‍ഷം മുന്‍പാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 64 കോടി രൂപ വകയിരുത്തിയത്. കിഫ്ബി പദ്ധതി പ്രകാരം റോഡിന് 12 മീറ്റര്‍ വീതി ആവശ്യമാണ്.

കോടതി നടപടികള്‍ പൂര്‍ത്തിയായി സര്‍വേ നടത്തി സ്ഥലം ഏറ്റെടുത്തു റോഡ് വികസിപ്പിക്കുന്നതിനു കാലതാമസം നേരിടുമെന്നു കണ്ട് 6 മാസം മുന്‍പാണ് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണിക്ക് 19.9 കോടി രൂപ അനുവദിച്ചത്. ഫെബ്രുവരി 25ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍മാണോദ്ഘാടനം നടത്തി.


സ്ഥലം ഏറ്റെടുത്ത് റോഡ് പുനര്‍നിര്‍മാണത്തിന് കാലതാമസം വരും എന്നുള്ളതിനാല്‍ അടിയന്തരമായി റോഡ് റീ ടാര്‍ ചെയ്യുന്നതിന് 20 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് ബി.എം റീടാറിങാണ് ലക്ഷ്യം. വീതി കൂട്ടി റോഡ് നവീകരിക്കുന്നതിന് കിഫ്ബി മുഖേന അനുവദിച്ചിരിക്കുന്ന 63.99 കോടി പിന്നീട് ചെലവഴിക്കും. 

Post a Comment

0 Comments