Latest News
Loading...

കുഴി പൊടിയായി. ഇപ്പോ കുളമായി. വാഗമണ്‍ റോഡിലെ യാത്രാദുരിതം

ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നാവശ്യപെട്ട് യൂത്ത് ലീഗിന്റെ നേതൃത്യത്തില്‍ പ്രകടനം നടത്തി. നിര്‍മ്മാണം നിലച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്ന് യൂത്ത് ലീഗ് ആരോപിച്ചു. എംഎല്‍എ യുടെ സോഷ്യല്‍ മീഡിയ വാഗ്ദാനങ്ങളല്ല ജനങ്ങള്‍ക്ക് വേണ്ടതെന്നും യൂത്ത് ലീഗ് നേതൃത്വം പറഞ്ഞു.

വാഗമണ്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഗംഭീര ഉദ്ഘാടനത്തില്‍ ഒതുങ്ങിയെന്ന ആരോപണവും ശക്തമായിട്ടുണ്ട്. റോഡിന്റ പ്രാധാന്യവും ആളുകളുടെ നിരന്തര ആവശ്യവും പരിഗണിച്ച് പ്രത്യേക ഇടപെടലിലൂടെ പുനരുദ്ധാരണത്തിന് പണം അനുവദിച്ച വകുപ്പ് മന്ത്രി നേരിട്ടെത്തിയാണ് നവീകരണ പദ്ധതികളുടെ ഉദ്ഘാടനം നടത്തിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കുമെന്ന് പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാന്‍ നടക്കല്‍, തിക്കോയി ഭാഗങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പഴയ ടാറിംഗ് പൊളിച്ച് മെറ്റല്‍ ഇട്ടതോടെ പണി അവസാനിക്കുകയും ചെയ്തു. 

പൊടിശല്യം മൂലം നാട്ടുകാരും യാത്രക്കാരും പൊറുതിമുട്ടി. കഴിഞ്ഞ ആഴ്ച ചെയ്ത മഴയില്‍ മെറ്റലുകള്‍ പലയിടങ്ങളിലും ഒഴുകി പോയി റോഡില്‍ കിടങ്ങ് രൂപപ്പെടുകയും യാത്ര മുന്‍പത്തേതിനെക്കാള്‍ ദുരിതമാവുകയും ചെയ്തു.
 
ഇതോടെയാണ് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. താഴത്ത് നടക്കലില്‍ നിന്നാരംഭിച്ച പ്രകടനം അമാന്‍ പള്ളി ജംഗ്ഷനില്‍ സമാപിച്ചു. 

പ്രകടനത്തേതുടര്‍ന്ന് പ്രതിഷേധയോഗവും ചേര്‍ന്നു. റോഡ് നവീകരണം നിലച്ചതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹിന്‍ പറഞ്ഞു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ  സോഷ്യല്‍ മീഡിയായിലൂടെ വാഗ്ദാനം നല്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും മാഹിന്‍ പറഞ്ഞു. 
യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അമിന്‍ പിട്ടയില്‍, മുസ്ലിം ലീഗ് പ്രസിഡണ്ട് ഹാഷിം സി.ഡി, പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

റോഡിന്റെ ശോചനീയവസ്ഥ വാഗമണ്‍ വിനോദ സഞ്ചാരത്തെയും ബാധിച്ചിട്ടുണ്ട്. ഓഫ് റോഡ് യാത്രയ്ക്ക് സമാനമാണിപ്പോള്‍ ഈരാറ്റുപേട്ട വാഗമണ്‍ റോഡിലൂടെയുള്ള യാത്ര. അതേ സമയം ആദ്യ ആറ് കി.മി ദുരം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ അറിയിച്ചു.

Post a Comment

0 Comments