Latest News
Loading...

2 മാസമായി ശമ്പളമില്ല. മീനച്ചില്‍ റിവര്‍വാലി ഓഫീസ് ജീവനക്കാര്‍ പ്രതിസന്ധിയില്‍

2 മാസമായി ശമ്പളം മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായി ഒരുകൂട്ടം സര്‍ക്കാര്‍ ജീവനക്കാര്‍. പാലാ അരുണാപുരത്തുള്ള മീനച്ചില്‍ റിവര്‍വാലി സബ് ഡിവിഷന്‍ ഓഫീസിലെത് അടക്കം 25-ഓളം ജീവനക്കാര്‍ക്കാണ് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലെ ശമ്പളം ഇതുവരെ ലഭിക്കാത്തത്. സര്‍ക്കാരില്‍ നിന്നുള്ള തുടര്‍ച്ചാനുമതി ലഭിക്കാത്തതാണ് ഇവരുടെ ശമ്പളം വൈകിപ്പിക്കുന്നത്. 

ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മീനച്ചില്‍ റിവര്‍വാലി സ്‌കീം, പ്രോജക്ട് ഓഫീസുകളിലാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. അരുണാപുരത്തുള്ള എംആര്‍വിഎസ് സബ്ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകളിലായി എക്സി. എന്‍ജിനീയറടക്കം 12 പേരാണ് ജോലിചെയ്യുന്നത്. ഇതിന്റെ തന്നെ ഭാഗമായ കൂത്താട്ടുകുളത്തെ പ്രോജക്ട് ഓഫീസില്‍ 13 ജീവനക്കാരുണ്ട്. ഈ  2 ഓഫീസുകളിലെ ജീവനക്കാര്‍ക്കും 2 മാസമായി ശമ്പളമില്ല. ഇതോടെ ഓഫീസിലെത്താനുള്ള പണം പോലും ബാക്കിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. 

മീനച്ചിലാര്‍ പുനര്‍ജ്ജനി പദ്ധതിയും വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഈ ഓഫീസുകളുടെ കീഴിലാണ്. എക്കലും ചെളിയും നീക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ മേല്‍നോട്ട ചുമതലയും തിരുവനന്തപുരം ഓഫീസിലേയ്ക്കുള്ള റിപ്പോര്‍ട്ടിംഗും ഇവരുടെ ജോലിയാണ്. നിലവില്‍ സ്വന്തം പണംമുടക്കിയാണ് ഇവര്‍ സൈറ്റുകളില്‍ നിരീക്ഷണത്തിന് പോകുന്നത്. മീനച്ചിലാറിന്റെ ഉല്‍ഭവ സ്ഥാനം മുതല്‍ മഴയത്ത് അടക്കം ചിത്രങ്ങളടക്കം ശേഖരിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത് ഈ വിഭാഗമാണ്. മീനച്ചിലാറ്റില്‍ വേനല്‍ക്കാലത്തും വെള്ളം ഉറപ്പാക്കുന്നതിനായി മിനിഡാം നിര്‍മാണവുമായി ബന്ധപ്പെട്ട സാധ്യതാപഠനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുമാണ് ഈ ഓഫീസുകളുടെ പ്രധാന ചുമതല. ഇതിനു പുറമെയാണ് മേജര്‍ ഇറിഗേഷന്‍ വകുപ്പ് എക്കലും ചെളിയും നീക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ കൂടി ഏല്‍പിച്ചത്. 


പ്രോജക്ട് ഓഫീസുകളില്‍ സര്‍ക്കാരില്‍ നിന്നുള്ള തുടര്‍ച്ചാനുമതി (Continuous Sanction) ലഭിക്കാത്തതാണ് നിലവില്‍ ശമ്പളത്തിന് തടസമാകുന്നത്. തുടര്‍ച്ചാനുമതി ലഭിക്കാത്ത ചില ഓഫീസുകളില്‍ ശമ്പളം ലഭിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാലായിലുണ്ടായിരുന്ന ഓഫീസ് കൂത്താട്ടുകുളത്തേയ്ക്ക് മാറ്റിയതും ജീവനക്കാരെ വലയ്ക്കുന്നുണ്ട്. മീനച്ചിലാറ്റിലെ പ്രോജക്ട് സൈറ്റുകളില്‍ പോകേണ്ടവര്‍ പാലായില്‍ നിന്നും കൂത്താട്ടുകുളത്തെത്തി ഹാജര്‍ രേഖപ്പെടുത്തിയശേഷം തിരികെ വരേണ്ട അവസ്ഥയിലുമാണ്. മീനച്ചിലാര്‍ കോട്ടയം ജില്ലയിലാണെന്നിരിക്കെ പദ്ധതി ഓഫീസ് എറണാകുളം ജില്ലയിലാണെന്നാണ് അവസ്ഥ.   

മീനച്ചിലാറ്റിലെ എക്കല്‍തുരുത്ത് നീക്കം ചെയ്യലുകളടക്കം ജോലികള്‍ നടക്കുമ്പോള്‍ തുടര്‍ച്ചാനുമതി ലഭിക്കാത്തത് എന്താണെന്നാണ് ജീവനക്കാരുടെ ചോദ്യം. വിഷു അടക്കമുള്ള വിശേഷാവസരങ്ങള്‍ വരാനിരിക്കെ, ശമ്പളം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യയുടെ വക്കിലാണെന്നും ജീവനക്കാര്‍ പറയുന്നു.

Post a Comment

0 Comments