Latest News
Loading...

മദ്യനയം; തിരുത്തേണ്ടിവരും. KCBC മദ്യവിരുദ്ധ സമിതി

 2022-23 അബ്കാരി വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരിക്കുന്ന മദ്യനയം സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ മദ്യനയമാണെന്നും എതിര്‍പ്പുകളെ അവഗണിച്ച് മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്ത് അവന്റെ സമ്പത്തിനെയും, ആരോഗ്യത്തെയും കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തേണ്ടിവരുമെന്നും പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. 
 ദുരന്തങ്ങള്‍ക്ക് പിന്നാലെ ദുരന്തങ്ങള്‍ സൃഷ്ടിക്കാനേ പുതിയനയം ഉപകരിക്കൂ. 2-ാം പിണറായി സര്‍ക്കാരിന്റെ 1-ാം വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്ന ഏപ്രില്‍ 3 മുതല്‍ മെയ് 22 വരെ കറുത്ത ദിനങ്ങളായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആചരിക്കും.
 പഴവര്‍ഗങ്ങളില്‍ നന്ന് മദ്യോല്പാദനം നടത്തി കാര്‍ഷിക മേഖലയെ ഈ സര്‍ക്കാര്‍ ഉത്തേജിപ്പിക്കരുത്. കാര്‍ഷിക മേഖലയുടെ മറവില്‍ മദ്യം സൃഷ്ടിച്ച് ജീവനുകളെ ഇല്ലാതാക്കരുത്. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിച്ച് ഇലംതലമുറയെ 'കുടിപഠിപ്പിക്കാനുള്ള നീക്കം' സര്‍ക്കാര്‍ ഉപേക്ഷിക്കണം. മദ്യാസക്തി രോഗികളായി മദ്യം അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ആതുരാലയങ്ങളിലേക്കുള്ള വഴി സര്‍ക്കാര്‍ തുറന്നു കൊടുക്കണം.



2016-ല്‍ 1-ാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ 29 ബാറുകള്‍ മാത്രമായിരുന്നത് ഇപ്പോള്‍ 859 ആയി മാറി. ഐ.ടി. മേഖലയില്‍ പണിയെടുക്കുന്നവരുടെ പണമടിച്ചുമാറ്റുവാനും, ബുദ്ധിയേയും, ആരോഗ്യത്തെയും നശിപ്പിക്കുവാനും ക്ലബ്ബ് മോഡല്‍ മദ്യശാലകള്‍ ആരംഭിക്കുന്നു. കള്ളുഷാപ്പുകള്‍ 4000-ത്തിലധികമായി. ബെവ്‌കോ-കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ 306 ന് മുകളിലായി. 267 ഷാപ്പുകള്‍ക്കൂടി ഉടന്‍ വരുന്നു. ക്ലബ്ബ് ലൈസന്‍സുകള്‍ ആവശ്യക്കാര്‍ക്കൊക്കെ നല്‍കുന്നു. 

 മദ്യപരും, ലഹരിയാസക്തരും വിതരണക്കാരും സംസ്ഥാനത്ത് സംഹാരതാണ്ഡവമാടുമ്പോള്‍ അവര്‍ക്ക് അനുകൂല നയം രൂപീകരിച്ച് അബ്കാരി സൗഹൃദ സര്‍ക്കാരായി മാറുന്നു. 
 'വിമുക്തി മിഷനും, വിതരണ മിഷനും' കൂടി എങ്ങനെ യോജിച്ചു പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വന്‍സാമ്പത്തിക ബാദ്ധ്യത വരുത്തി വയ്ക്കുന്ന വിമുക്തി മിഷന്‍ സര്‍ക്കാര്‍ നാണക്കേടുണ്ടാക്കാതെ പിരിച്ചുവിടണം. മദ്യപര്‍ക്കുള്ള ചികിത്സ ആരോഗ്യവകുപ്പ് ഏറ്റെടുക്കണം.

 നവോത്ഥാന വഴിയെന്ന പരസ്യത്തിലൂടെ മദ്യശാലകളിലേക്കുള്ള വഴി സര്‍ക്കാര്‍ തുറക്കരുത്. 'ഉറപ്പോടെ, ഉണര്‍വോടെ മുന്നേറ്റം' എന്നത് നിലത്തു കാലുറക്കാത്തവര്‍ക്കുവേണ്ടി കൂടിയാണോ. രൂപതയില്‍ മദ്യവിരുദ്ധപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതാമാക്കുമെന്നും രൂപതാ സമിതി അറിയിച്ചു. 

 പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments