Latest News
Loading...

തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു.

തിരക്കഥാകൃത്ത് ജോൺപോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു. 





 ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ "ഒരു ചെറുപുഞ്ചിരി' എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറിയാണ് അദ്ദേഹം.

ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ.

Post a Comment

0 Comments