Latest News
Loading...

ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അമര്‍ഷം പുകയുന്നു

കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിയില്‍ അമര്‍ഷം പുകയുന്നു. ഡിസിസി പ്രസിഡന്റ് തന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കുറിച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ നീക്കിയതും ഈരാറ്റുപേട്ട മണ്ഡലം പ്രസിഡന്റിനെ നീക്കിയതുമാണ് പുതിയ വിവാദം.

കുറിച്ചിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കിലെ അഴുമതികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലൈജുവിന്റെ നേതൃത്വത്തില്‍ സമരം തുടര്‍ന്നു വരികയായിരുന്നു. എന്നാല്‍ ഇത് പ്രദേശത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിച്ചില്ല. ഇതാണ് ലൈജുവിനെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കാന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണം.


ലൈജുവിനെ മാറ്റിയതായി ഡിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനടക്കം നടക്കുമ്പോള്‍ ധൃതിപിടിച്ച് പോഷക സംഘടനയുടെ അധ്യക്ഷനെ നീക്കിയതില്‍ കടുത്ത അമര്‍ഷമാണ് പ്രദേശത്തുള്ളത്. 

ഈരാറ്റുപേട്ടയില്‍ സ്ഥിതി അതിലും മോശമാണ്. കെപിസിസി പ്രസിഡന്റിനെ അപമാനിച്ച യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ അസംബ്ലി കമ്മറ്റി പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നാണ് മണ്ഡലം പ്രസിഡന്റ് വിപി അബ്ദുള്‍ ലത്തീഫ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അന്വേഷണം നടത്തി നടപടി റിപ്പോര്‍ട്ടും നല്‍കി. 

പക്ഷേ പരാതി നല്‍കിയ മണ്ഡലം പ്രസിഡന്റിനെ നീക്കി പകരം അനസ് നാസറെന്നയാളെ പുതിയ പ്രസിഡന്റാക്കി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തീരുമാനമെടുക്കുകയായിരുന്നു. ഇതിനെതിരെ പ്രാദേശിക തലത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 

നേരത്തെ പുതിയ കെപിസിസി പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ രീതിയില്‍ പ്രചാരണമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സിഎം ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രചാരണമെന്നായിരുന്നു മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്. 

പരാതിയെ തുടര്‍ന്ന്  കോട്ടയം ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബ് ഷിയാസിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ഷിയാസിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍  കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് നിര്‍ദേശം നല്‍കുകയും ചെയ്തു. 

എന്നാല്‍ ഒരു നടപടിയുണ്ടായില്ലെന്നു മാത്രമല്ല, പരാതി നല്‍കിയ ആളെ സ്ഥാനത്തുനിന്നും മാറ്റുകയാണ് ജില്ലാ നേതൃത്വം ചെയ്തത്. ഗ്രൂപ്പുകളിയുടെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് ഉയരുന്ന ആക്ഷേപം.

Post a Comment

0 Comments