Latest News
Loading...

ഈരാറ്റുപേട്ടയില്‍ അടിസ്ഥാന സൗകര്യവികസനം പോലും പ്രതിസന്ധിയില്‍- എസ്ഡിപിഐ

ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വമില്ലായ്മയും മൂലം അടിസ്ഥാനസൗകര്യ വികസനം പോലും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ന്യൂനപക്ഷ കേന്ദ്രീകൃതമായ നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപയാണ് നല്‍കുന്നത്. കൂടാതെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായും കോടികളാണ് വകയിരുത്തിയിട്ടുള്ളത്. ഇവയൊന്നും ഫലപ്രദമായി വിനിയോഗിക്കുന്നില്ല എന്നു മാത്രമല്ല പാഴാക്കുകയുമാണ്. വേനല്‍ രൂക്ഷമായതോടെ കുടിവെള്ളത്തിനായി പല വാര്‍ഡുകളിലെയും ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. 

ജനവാസ കേന്ദ്രങ്ങളിലുള്ള റോഡുകള്‍ പോലും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു. ഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായിട്ടും തകര്‍ന്ന റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ യഥാസമയം നടപ്പിലാക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ല. കടുവാമൂഴി ബസ് സ്റ്റാന്റ്, വൃദ്ധസദനം, വടക്കേക്കര വനിതാ വിപണന കേന്ദ്രം, ഹൈജീനിക് മാര്‍ക്കറ്റ് ഉള്‍പ്പെടെ കോടികള്‍ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ നിരവധി പദ്ധതികള്‍ എങ്ങുമെത്താതെ നോക്കുകുത്തിയായി മാറിയിരിക്കുന്നു. യാതൊരു ദീര്‍ഘവീക്ഷണമോ ആസൂത്രണമോ ഇല്ലാതെ പണം ധൂര്‍ത്തടിക്കുന്നതിനപ്പുറം യാതൊരു ജനോപകാര പദ്ധതികളും ഈരാറ്റുപേട്ടയില്‍ നടക്കുന്നില്ല. വിവാദമായ തേക്കിന്‍തടി മുറിച്ചു കടത്തിയ കേസില്‍ ഭരണകക്ഷിയായ യുഡിഎഫ് എല്‍ഡിഎഫുമായി സന്ധിചെയ്തിരിക്കുകയാണെന്നും അവിശ്വാസ പ്രമയേത്തിലുണ്ടാക്കിയ ധാരണയാണിതിനു പിന്നിലെന്നും സംശയിക്കേണ്ടിരിക്കുന്നു. 


നിലവില്‍ പൊതുസ്വത്തായ തേക്കിന്‍തടി നിലനിന്ന സ്ഥലം പോലും സ്വകാര്യവ്യക്തി കൈവശപ്പെടുത്തുന്ന സാഹചര്യമാണ്. പരസ്പര ധാരണയിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നഗരസഭയില്‍ നടക്കുന്നത്. കൂടാതെ ഉദ്യോഗസ്ഥ ഭരണമാണ് നഗരസഭയില്‍ നടക്കുന്നത്. അവശ്യസര്‍ട്ടിഫിക്കറ്റുകള്‍ക്കു പോലും പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. നഗരസഭയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിക്കാന്‍ പോലും ഇടതുപക്ഷത്തിനാവുന്നില്ല. കോടികളുടെ ഫണ്ട് ലാപ്‌സാക്കിയും പാഴാക്കിയും ജനങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന യുഡിഎഫിന്റെ ദുര്‍ഭരണത്തിനെതിരേ ശക്തമായ പ്രചാരണം നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍ അന്‍സാരി ഈലക്കയം, മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈര്‍ വെള്ളാപ്പള്ളി സംസാരിച്ചു.