Latest News
Loading...

റോഡുകളില്‍ ക്യാമറകള്‍ റെഡി. നിയമം പാലിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും.

ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഈരാറ്റുപേട്ട, പാലാ മേഖലകളിലായി 16-ഓളം ക്യാമറകളാണ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.  പകലും രാത്രിയും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നിയമലംഘകര്‍ക്ക് തലവേദനയാകും. ഈരാറ്റുപേട്ടയില്‍ നടയ്ക്കല്‍, കടുവാമൂഴി, കോളേജ് ജംഗ്ഷന് സമീപം എന്നിവിടങ്ങളിലും പൂഞ്ഞാര്‍ റോഡില്‍ മറ്റയ്ക്കാടിന് സമീപവും പാലാ ചെത്തിമറ്റം,  കൊട്ടാരമറ്റത്തും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു.

വണ്ടിയോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുക, ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്രചെയ്യുക, അപകടകരമായി ഓടിക്കല്‍ എന്നിവ പിടികൂടാനാണ് ഈ ക്യാമറകല്‍. നിര്‍മിതബുദ്ധിയോടു കൂടിയവയണ് ഈ ക്യാമറകള്‍. നാലുചക്ര വാഹനങ്ങളില്‍ മുന്നിലെ രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും. 


പോലീസിനെ കാണുമ്പോള്‍ മാത്രം ഹെല്‍മറ്റും സീറ്റുബെല്‍റ്റും ധരിക്കുന്നവര്‍ക്ക് ക്യാമറ തിരിച്ചടിയാകും. പിഴത്തുക അടയ്ക്കാനുള്ള നോട്ടീസെത്തുമ്പോഴാവും പിടിവീണ വിവരം അറിയുക. അതേസമയം, വാഹനം കൈമാറ്റം നടത്തിയശേഷം പേര് മാറാത്തവര്‍, നിലവിലെ വാഹന ഉടമ നിയമലംഘനം നടത്തിയാല്‍ പിഴയടയ്‌ക്കേണ്ടിവരും. വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിന് വിപലുമായ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ അത് ഉപയോഗിക്കാത്തവര്‍, നിയമലംഘനങ്ങള്‍ക്ക് പിഴയടയ്‌ക്കേണ്ടിവരുമെന്ന് കോട്ടയം എന്‍ഫോഴ്‌സ്‌മെന്‌റ് ആര്‍ടിഒ ടോജോ എം തോമസ് പറഞ്ഞു. ജില്ലയിലാകെ 44 ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതായും അദ്ദേഹം മീനച്ചില്‍ന്യൂസിനോട് പറഞ്ഞു. 


235 കോടിരൂപ ചെലവില്‍ 726 ക്യാമറകളാണ് മോട്ടോര്‍വാഹനവകുപ്പിന് കെല്‍ട്രോണ്‍ നല്‍കിയത്. സ്ഥാപിക്കലും അഞ്ചുവര്‍ഷത്തെ പരിപാലനവും അവര്‍ക്കുതന്നെയാണ്. മോട്ടോര്‍വാഹനവകുപ്പിന്റെ വാഹനത്തില്‍ സ്വയം പ്രവര്‍ത്തിക്കുന്ന നാലു ക്യാമറ സംവിധാനങ്ങളുണ്ടാവും. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തില്‍പോകുന്ന വണ്ടിയുടെ ചിത്രങ്ങള്‍സഹിതം വിവരങ്ങള്‍ കണ്‍ട്രോള്‍റൂമിലേക്ക് അയക്കും.  വാഹനത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഒഴികെയുള്ളവയെല്ലാം പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം.

എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വല്‍ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകര്‍ത്തും. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍റൂമിലേക്ക് അയക്കും. ഇവിടെ നിന്നും ഇത് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകളിലേയ്‌ക്കെത്തും. ആറുമാസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്.


Post a Comment

0 Comments