Latest News
Loading...

ഉദ്ഘാടനം വിവാദമായതില്‍ വിശദീകരണവുമായി ഗ്രാമപഞ്ചായത്ത് അംഗം

കൈപ്പള്ളി മുതുകോരമല ടൂറിസ്റ്റ് വിശ്രമകേന്ദ്രം ഉദ്ഘാടനം വിവാദമായതില്‍ വിശദീകരണവുമായി ഗ്രാമപഞ്ചായത്ത് അംഗം രാജമ്മ ഗോപിനാഥ്. വിവാദങ്ങള്‍ക്ക് പകരം നാടിന്റെ വികസനത്തിനായി പരിശ്രമിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്ന് രാജമ്മ ഗോപിനാഥ് പറഞ്ഞു. മാര്‍ച്ച് 3ന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ടൂറിസ്റ്റ് വിശ്രമകേന്ദ്രം നിര്‍മാണം, എംഎല്‍എയെ പങ്കെടുപ്പിച്ചില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 



കോവിഡ് കാലത്ത് പ്രശസ്തി നേടിയ കൈപ്പള്ളി മുതുകോരമല ഇപ്പോള്‍ സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഇവിടേയ്‌ക്കെത്തുന്നത്. മലമുകളില്‍ സഞ്ചാരികള്‍ക്കായി നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് മേഖലയിലെത്തിയ ഓരോ സ്ഥാനാര്‍ത്ഥിയോടും പ്രദേശവാസികള്‍ ചോദിച്ചത് മുതുകോരമലയ്ക്കായി എന്തുചെയ്യുമെന്നായിരുന്നു. വിജയിച്ചവരെല്ലാം തങ്ങള്‍ക്കാവുന്നത് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 
പഞ്ചായത്ത് മുന്‍കൈയെടുത്താണ് സഞ്ചാരികള്‍ക്കായി വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കുന്നോന്നി സ്വദേശിയില്‍ നിന്നും ഇതിനായി 10 സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചതോടെ ശുചിത്വമിഷന്‍ ഫണ്ടും ചേര്‍ത്താണ് വിശ്രമകേന്ദ്രം നിര്‍മാണത്തിന് പദ്ധതി തയാറാക്കിയത്. സാമ്പത്തിക വര്‍ഷാവസാനം കണക്കിലെടുത്ത് നിര്‍മാണം ആരംഭിച്ച് തറ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നിര്‍മാണോദ്ഘാടനം തീരുമാനിച്ചത്. കട്ടിളവപ്പ് ഉദ്ഘാടനമായിരുന്നു ലക്ഷ്യവച്ചത്.

കഴിഞ്ഞയാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ രാജമ്മ ഗോപിനാഥ് വിഷയം അവതരിപ്പിച്ചിരുന്നു. നിര്‍മാണോദ്ഘാനം എംപിയെ കൊണ്ടും നിര്‍മാണ പൂര്‍ത്തിയായ ശേഷം മന്ദിരോദ്ഘാടനം എംഎല്‍എയെ കൊണ്ടും നിര്‍വഹിപ്പിക്കാമെന്ന അഭിപ്രായം കമ്മറ്റിയില്‍ ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. ആരും എതിര് പറഞ്ഞിരുന്നില്ലെന്ന് രാജമ്മ പറയുന്നു. ഫ്‌ളക്‌സ് ബോര്‍ഡ് അടിച്ചത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ്. എന്നാല്‍ പിന്നീട് എംഎല്‍എയെ പങ്കെടുപ്പില്ലെന്ന ആക്ഷേപം ഉയരുകയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഉദ്ഘാടനം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയാണെന്ന് പ്രസിഡന്റ് സന്ദേശം നല്കുകയുമായിരുന്നു. പ്രദേശത്തെ മുന്‍പഞ്ചായത്ത് അംഗത്തിന് മുതുകോരമലയ്ക്കായി ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് വികസനം വരുന്നതിന് തടയിടുകയാണെന്ന് രാജമ്മ ഗോപിനാഥ് ആരോപിച്ചു.

Post a Comment

0 Comments