Latest News
Loading...

നിയമലംഘനം. അന്നുതന്നെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

റോഡില്‍ നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാകാന്‍ ഇനി കാലതാമസമുണ്ടാകില്ല. നിയമലംഘനം നടത്തിയയാളുടെ വാദംകേട്ട അന്നുതന്നെ ലൈസന്‍സ് റദ്ദാക്കി ഉത്തരവിറക്കാന്‍ ആര്‍.ടി.ഒ.മാര്‍ക്കും ജോയന്റ് ആര്‍.ടി.ഒ.മാര്‍ക്കും മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം നല്‍കി.

ലൈസന്‍സ് താത്കാലികമായി റദ്ദാക്കാവുന്ന കുറ്റം ചെയ്തയാള്‍ക്ക് റദ്ദാക്കിയ ഉത്തരവ് ലഭിക്കാന്‍ താമസമെടുക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നിര്‍ദേശം.


പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്താല്‍ അന്തിമ നടപടിയെടുക്കുന്നത് ആര്‍.ടി.ഒ.യോ ജോയന്റ് ആര്‍.ടി.ഒ.യോ ആണ്. ഇവര്‍ നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടയാളുടെ വാദം കേള്‍ക്കും. വാദം തൃപ്തികരമല്ലെങ്കിലാണ് ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവിറക്കുക. ഈ നടപടിയാണ് ഇനിമുതല്‍ വാദംകേട്ട അന്നുതന്നെ നടപ്പാക്കുക.

ഒരുമാസം മുതല്‍ ആജീവനാന്തം ലൈസന്‍സ് റദ്ദാക്കാന്‍ വരെ മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം കഴിയും. പലയിടങ്ങളിലും ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് ലഭിച്ചപ്പോഴേക്കും ശിക്ഷയുടെ കാലയളവ് അവസാനിച്ച സംഭവങ്ങളുണ്ടായിരുന്നു.

ഉത്തരവ് ലഭിക്കാത്തതിനാല്‍ ശിക്ഷാ കാലാവധി ലൈസന്‍സ് ഉടമയെ ബാധിക്കാത്ത സ്ഥിതിയുമുണ്ടായി. ഇതെല്ലാം ഒഴിവാക്കാനാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയാണെങ്കില്‍ വാദംകേട്ട അന്നുതന്നെ ഉത്തരവു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് . ഉത്തരവ് ഫോണ്‍ വഴിയോ എസ്.എം.എസ്. വഴിയോ ലൈസന്‍സ് ഉടമയെ അറിയിക്കണം. ഒപ്പം തൊട്ടടുത്ത പ്രവൃത്തിദിവസം ഉത്തരവിന്റെ പകര്‍പ്പ് തപാല്‍മാര്‍ഗം അയക്കണമെന്നുമാണ് നിര്‍ദേശം.

മദ്യപിച്ച് വാഹനമോടിക്കല്‍, മരണത്തിനോ ഗുരുതര പരിക്കിനോ കാരണമായ അപകടങ്ങള്‍ ഉണ്ടാക്കല്‍, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, വാഹനമോടിക്കുന്നതിനിടെ മറ്റെന്തെങ്കിലും പ്രവൃത്തിയിലേര്‍പ്പെടല്‍ തുടങ്ങി 25-തരം നിയമലംഘനങ്ങള്‍ക്കാണ് ലൈസന്‍സ് റദ്ദാക്കുക.

Post a Comment

0 Comments