Latest News
Loading...

എം എൽ എ യുടെ അവകാശത്തിൽ കൈ കടത്തുന്ന ജോസ് കെ മാണിയുടെ നിലപാട് അപഹാസ്യം

മാണി സി കാപ്പൻ എം എൽ എയുടെ ശിപാർശപ്രകാരം ബജറ്റിലൂടെ സർക്കാർ അനുവദിച്ച തുക താനാണ് അനുവദിപ്പിച്ചതെന്ന ജോസ് കെ മാണി എം പി യുടെ പ്രഖ്യാപനം അപഹാസ്യമാണെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് കേരള നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു. ബജറ്റിനു മുമ്പ് ധനകാര്യ മന്ത്രി എം എൽ എ മാരോട് 20 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്യാൻ   ആവശ്യപ്പെടാറുണ്ട്. ഇതുപ്രകാരം മാണി സി കാപ്പൻ എം എൽ എ നൽകിയ 20 ശിപാർശകളിലൊന്നാണ് അന്തീനാട് മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശിങ്കൽ പാലത്തിൻ്റെയും  അപ്രോച്ച് റോഡിന് സംരക്ഷണഭിത്തിയുടെയും നിർമ്മാണം. 

ഇതിന് 5 കോടി ഉൾപ്പെടെ ആകെ ഏഴു കോടി രൂപ മാത്രമാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. ബജറ്റിൽ ശിപാർശ ചെയ്യാനുള്ള അവകാശം എം എൽ എ മാർക്കുള്ളതാണ്. എ എൽ എ മാരുടെ ശിപാർശ പ്രകാരമാണ് തുക അനുവദിക്കാറുള്ളത്. എം പി മാർക്കു അതിന് അവകാശമില്ല. എം പി ഫണ്ടിൽ നിന്നും തുക അനുവദിച്ച ശേഷം അവകാശവാദമുന്നയിക്കുന്നതാണ് മാന്യത. ബജറ്റിൽ സർക്കാർ അനുവദിച്ച തുകയ്ക്കു ഇന്ത്യയിലൊരിടത്തും എം പിമാർ അവകാശവാദമുന്നയിച്ചിട്ടില്ല. പാലായിലും കടുത്തുരുത്തിയിലും എം എൽ എ മാരുടെ അവകാശത്തിൽ കൈകടത്തുന്ന രാജ്യസഭാ എം പി യുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 


ബജറ്റിൽ കേരളാ കോൺഗ്രസിൻ്റെ സമ്മാനം പാലായ്ക്കു ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടും ഒന്നും നേടാനാവാത്തതിൻ്റെ ജാള്യത മറയ്ക്കാനുള്ള ജോസ് കെ മാണിയുടെ  ചെപ്പടിവിദ്യ എം പി സ്ഥാനത്തെ പോലും അപഹാസ്യമാക്കുകയാണ്.

എൽ ഡി എഫ് എം എൽ എ മാരുടെ മറ്റു മണ്ഡലങ്ങളിൽ ജോസ് കെ മാണി ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കാൻ തയ്യാറുണ്ടോ എന്നു വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാലായിൽ പരാജയപ്പെട്ടു എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ തയ്യാറാറാകാത്തതാണ് കാരണം. പാലായിൽ വികസനമെത്തിക്കുമെന്ന് പറയുകയും അതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് പാലാക്കാർക്കു ബോധ്യപ്പെട്ടിട്ടുണ്ട്. എസ്റ്റിമേറ്റ് എടുത്തിട്ടും  അരുണാപുരം ബണ്ട് കം ബ്രിഡ്ജ്, കേന്ദ്ര സർക്കാർ  സഹായം ലഭ്യമാക്കിയ രാമപുരം കുടിവെള്ളപദ്ധതി തുടങ്ങിയവ നടപ്പാക്കാത്തതിന് കാരണം വ്യക്തമാക്കാൻ എം പി തയ്യാറാകണം. 

കേരളാ കോൺഗ്രസ് എം മന്ത്രി റോഷി അഗസ്റ്റ്യൻ ചുമതല വഹിക്കുന്ന ജലവിഭവ വകുപ്പ് ഇക്കാര്യത്തിൽ ഗുരുതരമായ അനാസ്ഥയാണ് തുടരുന്നത്. പാലായിലെ എട്ടു പഞ്ചായത്തുകളിൽ ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതി കേരള കോൺഗ്രസ് എം തടസ്സപ്പെടുത്തിയതിനാൽ പാലാക്കാർ ദുരിതമനുഭവിക്കുകയാണ്.  ഇത്തരം പൊള്ളത്തരങ്ങൾ തുറന്നു കാട്ടാൻ ഡി സി കെ പാലാ നിയോജകമണ്ഡലത്തിലുടനീളം പ്രചാരണം സംഘടിപ്പിക്കും. 

എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.  റോയി നാടുകാണി, ടോം നല്ലനിരപ്പേൽ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ജോഷി പുതുമന, ടോണി തൈപ്പറമ്പിൽ, താഹ തലനാട് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments