Latest News
Loading...

പൂഞ്ഞാറിന് വികസനകുതിപ്പേകുന്ന ബഡ്ജറ്റ്. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ


പൂഞ്ഞാര്‍ മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകുന്ന  ബജറ്റാണ് നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പൂഞ്ഞാര്‍ എംഎല്‍എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. താഴെപ്പറയുന്ന പദ്ധതികളാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കപ്പെട്ടിട്ടുള്ളത്. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തല്‍, എരുമേലി യുടെ സമഗ്ര വികസനത്തിനായി   എരുമേലി മാസ്റ്റര്‍ പ്ലാന്‍, പൂഞ്ഞാര്‍ താലൂക്ക്  രൂപീകരണം, ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം, മുണ്ടക്കയത്ത് കോസ് വേയ്ക്ക് സമാന്തരമായി ഉയരം കൂട്ടി മണിമലയാറിന് കുറുകെ പുതിയ പാലം നിര്‍മ്മാണം, ഭരണങ്ങാനം-ഇടമറ്റം- തിടനാട്-റോഡ്, പാറത്തോട്-കള്ളുവേലി- വേങ്ങത്താനം റോഡ്, പിണ്ണാക്കനാട്-ചേറ്റുത്തോട്-പാറത്തോട് റോഡ്, കരിനിലം-പുഞ്ചവയല്‍-504- കുഴിമാവ് റോഡ്, ചെമ്മലമറ്റം- വാരിയാനിക്കാട്-പഴുമല- പാറത്തോട് റോഡ്, ചോറ്റി-ഊരയ്ക്കനാട് -മാളിക-പൂഞ്ഞാര്‍ റോഡ്  എന്നീ റോഡുകളുടെ ആധുനികവല്‍ക്കരണവും, നവീകരണവും , കോരുത്തോട് ഗ്രാമപഞ്ചായത്തിലെ   കുഴിമാവ് ഗവണ്‍മെന്റ് ഹൈസ്‌കൂളിന് പുതിയ ബഹുനില മന്ദിരം  നിര്‍മ്മാണം, എരുമേലി ഗ്രാമ പഞ്ചായത്തിലെ  മൂക്കംപെട്ടി പാലം നിര്‍മ്മാണം, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 24 ടൂറിസം കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച്  ടൂറിസം സര്‍ക്യൂട്ട് , പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ കാവും കടവ് പാലം നിര്‍മ്മാണം, മുണ്ടക്കയത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍, പൂഞ്ഞാര്‍ തെക്കേക്കരയില്‍ പുതിയ പോലീസ് സ്റ്റേഷന്‍, എരുമേലി മൂലക്കയം ഭാഗത്ത് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം കോസ്വേ, തിടനാട് ഗ്രാമപഞ്ചായത്തില്‍ ചിറ്റാറ്റിന്‍കര പാലം നിര്‍മ്മാണം, പൂഞ്ഞാര്‍ ടൗണില്‍ ജീ.വി രാജ പ്രതിമയും പാര്‍ക്കും സ്ഥാപിക്കല്‍, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഏന്തയാര്‍ -മുക്കുളം പാലം നിര്‍മ്മാണം  എന്നിങ്ങനെ വിവിധങ്ങളായ വികസനപദ്ധതികള്‍ ആണ് ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന് എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തുകയും,  മറ്റു പദ്ധതികള്‍ക്ക് ടോക്കണ്‍ തുകയുമാണ് വകയിരുത്തപ്പെട്ടിട്ടുള്ളത്. എല്ലാ പദ്ധതികള്‍ക്കും ഭരണാനുമതി നേടിയെടുക്കുന്നതിന് ശ്രമിക്കും. കൂടാതെ എരുമേലിയില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍ പോര്‍ട്ടിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി രൂപയും അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ പദ്ധതികളെല്ലാം  തന്നെ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമാണെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.



കൂടാതെ സംസ്ഥാന ബഡ്ജറ്റില്‍ പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിന് വകയിരുത്തിയിട്ടുള്ള 92.88 കോടി രൂപയും, പ്രളയ പുനരധിവാസത്തിനായി റീബില്‍ഡ് കേരള പദ്ധതിക്ക് നീക്കി വെച്ചിരിക്കുന്ന  1600 കോടി രൂപയും, വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് കോട്ടയം ജില്ലയ്ക്ക് മാറ്റി വച്ചിട്ടുള്ള 33 കോടി രൂപയുടേയും പ്രധാന പ്രയോജനം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന് ലഭിക്കും. ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ടില്‍ എരുമേലി ഉള്‍പ്പെടുത്തിയതും എരുമേലിയുടെ കൂടി വികസനം മുന്‍നിര്‍ത്തി അനുവദിക്കപ്പെട്ടിട്ടുള്ള 30 കോടി രൂപയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ഗുണഫലവും പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ലഭിക്കും. റബര്‍ സബ്‌സിഡി നല്‍കുന്നതിന് 500 കോടി രൂപ വകയിരുത്തിയതും, റോഡ് റബ്ബറൈസേഷന്‍ നയമായി പ്രഖ്യാപിച്ചു അതിനു മാത്രമായി 50 കോടി രൂപ മാറ്റി വച്ചതും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഉള്‍പ്പെടെയുള്ള റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാകും. കൃഷിഭൂമിയും വനമേഖലയും അതിരിടുന്ന പ്രദേശങ്ങളില്‍ വന്യജീവി ആക്രമണങ്ങളില്‍ നിന്നും കൃഷിക്കും, മനുഷ്യര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ബഡ്ജറ്റില്‍ 25 കോടി രൂപ മാറ്റി വച്ചതും, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എരുമേലി, മുണ്ടക്കയം, കോരുത്തോട്  പ്രദേശങ്ങളിലെ വനമേഖലയോട് ചേര്‍ന്നുള്ള കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനപ്രദമാകും. 



കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ മേഖലയ്ക്ക് മാര്‍ക്കറ്റിംഗ് സംവിധാനം ഒരുക്കുന്നതിന് 100 കോടി രൂപ വകയിരുത്തിയതും, അഗ്രികള്‍ച്ചറല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതും, കൂടാതെ തോട്ടവിള കളോടൊപ്പം പഴവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനവും 70 ശതമാനത്തിലധികം കൃഷിക്കാര്‍ അധിവസിക്കുന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന് ഏറെ ഗുണകരമാകും. ടൂറിസം രംഗവുമായി ബന്ധപ്പെട്ട് ഒരു പഞ്ചായത്തില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനവും അതീവ പ്രകൃതിരമണീയമായ പൂഞ്ഞാറിന്റെ വലിയ വികസന നേട്ടത്തിന് കാരണമാകും. എല്ലാ നിയോജക മണ്ഡലങ്ങളിലും മൊബൈല്‍ റേഷന്‍കടകള്‍ അനുവദിച്ചത് മലയോര ഗ്രാമങ്ങളും, വിദൂര പ്രദേശങ്ങളും,ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന് ഏറെ ഗുണപ്രദമാകും.  ഇപ്രകാരം എല്ലാ പ്രകാരത്തിലും പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന് ഏറ്റവും വികസനോന്മുഖമായ ബഡ്ജറ്റ് ആണ് 2022-23 സംസ്ഥാന ബഡ്ജറ്റ് എന്നും ബഡ്ജറ്റിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായും എംഎല്‍എ അറിയിച്ചു.

Post a Comment

0 Comments