Latest News
Loading...

അന്തർജില്ലാ തട്ടിപ്പുകാരൻ പാലായിൽ അറസ്റ്റിൽ

 സംസ്ഥാനത്തെ 14 ജില്ലകളിലും  ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി സാധനം നൽകാതെ തട്ടിപ്പു നടത്തുന്ന വയനാട് ജില്ലയിൽ  പേരിയ സ്വദേശി മുക്കത്ത് ബേബി മകൻ ബെന്നി(43)യാണ് പിടിയിലായത്.

        കഴിഞ്ഞ ആറു മാസമായി പാലാ പോലീസ് സ്റ്റേഷൻ ലിമിറ്റിലുള്ള പല സ്ഥലങ്ങളിൽനിന്നും ഇയാൾ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ  നൽകാം എന്നുപറഞ്ഞ് പല വീടുകളിൽ നിന്നും അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വരുമ്പോൾ വിളിക്കുന്ന ആളുകളോട് മോശമായി സംസാരിക്കുകയും സ്ത്രീകളോട് അശ്ലീല ച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇയാളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഓരോ ദിവസവും ഓരോ ജില്ലകളിലൂടെ കറങ്ങി നടന്ന് തട്ടിപ്പ്  നടത്തിയിരുന്നതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
             
        

തുടർന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പ്രതിയെ പിടികൂടാൻ കർശന നിർദ്ദേശം നൽകിയിരുന്നു.2000 രൂപയോ അതിൽ താഴെയോ മാത്രമേ ഇയാൾ അഡ്വാൻസായി വാങ്ങിയിരുന്നുള്ളു. അതുകൊണ്ടുതന്നെ കൂടുതൽ പേർ പരാതിയുമായി പോയിരുന്നില്ല. സ്ത്രീകൾ മാത്രം ഉള്ള വീടുകളിൽ ആയിരുന്നു ഇയാൾ കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ കുറെ നാളുകളായി സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വനിതാ പോലീസ് ചാറ്റ് ചെയ്ത് സൗഹൃദത്തിലായി കാണാനെന്ന വ്യാജേന പാലായിൽ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

           ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇയാൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് സമ്മതിച്ചു. തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരുപ്പുകൾ വാങ്ങി കൂട്ടുന്നതിനും മദ്യപാനത്തിനും മസ്സാജിങ്ങ് സെന്ററുകളിൽ തിരുമ്മു ചികിത്സയ്ക്കുമായി ചെലവഴിക്കുകയായിരുന്നു. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും നിരവധി രസീത് കുറ്റികളും 400 ജോഡി ചെരുപ്പുകളും പോലീസ് കണ്ടെടുത്തു 


സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേരളത്തിലെ പത്തോളം ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. ആറുമാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് കണ്ണൂർ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീല സംസാരം നടത്തിയതിനും കേസുകൾ നിലവിലുണ്ട്. ഇയാളെ പിടികൂടിയത് അറിഞ്ഞ് കേരളത്തിലെ എല്ലാ ജില്ലകളിലും നിന്ന് നൂറു കണക്കിന് ഫോൺകോളുകളാണ് സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്നത്.ഇയാൾക്കെതിരെ പരാതി ലഭിക്കുമ്പോൾ സ്റ്റേഷനിൽനിന്നും വിളിക്കുന്ന പോലീസുകാരെ ചീത്ത വിളിക്കുന്നതും ഇയാളുടെ പതിവായിരുന്നു.

      പാലാ SHO കെ പി തോംസൺ, എസ് ഐ അഭിലാഷ് എം ഡി, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ ഹരികുമാർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Post a Comment

0 Comments