Latest News
Loading...

സംരക്ഷണഭിത്തി വെള്ളപ്പാച്ചിലെടുത്തു. റോഡിന് സ്ഥലംകൊടുത്ത സാജു വാടകവീട്ടില്‍


കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നതോടെ മാസങ്ങളായി വാടക വീട്ടില്‍ കഴിയുകയാണ് ഓട്ടോറിക്ഷ ഡ്രൈവറായ മൂന്നിലവ് വാളംപറമ്പില്‍ സാജുവും കുടുംബവും. മൂന്നിലവ് മേച്ചാല്‍ റോഡ് നിര്‍മ്മാണത്തിനായി രണ്ട് സെന്റ് സ്ഥലവും ഇവര്‍ വിട്ട് നല്‍കിയിരുന്നു. സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷ കാലത്ത് വീടടക്കം നിലംപതിക്കുന്ന സ്ഥിതിയാണുള്ളത്.

മൂന്നിലവ് കടപുഴ മേച്ചല്‍ റൂട്ടില്‍ കടപുഴ പാലത്തിന് സമീപത്താണ് സാജുവും മാതാവും അടങ്ങുന്ന കടുംബം താമസിച്ചിരുന്നത്. ആകെയുള്ള 5 സെന്റ് സ്ഥലത്തില്‍ നിന്നും 2 സെന്റ് കടപുഴ റോഡ് വികസനത്തിനായി വിട്ട് നല്‍കി. ബാക്കിയുള്ള 3 സെന്റ് സ്ഥലത്ത് ഗ്രാമ പഞ്ചായത്തില്‍ നിന്നും  അനുവദിച്ച തുക ഉപയോഗിച്ച് വീടും നിര്‍മ്മിച്ചു.. ആദ്യ പ്രളയത്തില്‍ കടപുഴ പാലത്തിനോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തിയുടെ അടിഭാഗം ഒഴുക്കില്‍ പെടുകയും, മാണി സി കാപ്പന്‍ MLA പുനരുദ്ധാരണത്തിനായി 5 ലക്ഷം രൂപാ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ പിന്നിടുണ്ടായതോടെ അനവദിച്ച തുക വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. 


ഇക്കഴിഞ്ഞ പ്രളയത്തില്‍ വീടിനോട് ചേര്‍ന്നുള്ള ഭാഗം വരെ സംരക്ഷണഭിത്തി തകര്‍ന്നു. ഇതോടെ സാജുവിന്റെ വീടും അപകടാവസ്ഥയിലായി. മുറ്റം ചിലയിടങ്ങളില്‍ വിണ്ട് കീറായിട്ടുണ്ട്. വീട്ടിലെ താമസം സുരക്ഷിതമല്ലാതായതോടെ സാജുവും കുടുംബവും വാടക വീട്ടിലേക്ക് താമസം മാറ്റി.  ഓട്ടോറിക്ഷ ഓടിച്ച് സാജുവിന് കിട്ടുന്ന തുകയാണ് ഈ കുടുംബത്തിന്റെ എകവരുമാന മാര്‍ഗ്ഗം. രോഗിയായ മാതാവിന്റെ ചികില്‍സയ്ക്കും നല്ലൊരു തുക ചിലവാകും. ഇതിനിടയില്‍ വാടക തുക കൂടി കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയാണ് സാജു. 


സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിച്ചാല്‍ വീട്ടില്‍ സുരക്ഷിതരായി കഴിയാം. MLA അടക്കം ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഇതേ വരെ നടപടികള്‍ ഒന്നും ആയിട്ടില്ല. ചില അനാവശ്യ രാഷ്ട്രീയ ഇടപെടല്‍ ആണ് സംരക്ഷണഭിത്തി നിര്‍മാണത്തിന് തടസമാകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. സംരക്ഷണഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ കടപുഴ പാലത്തിനും ഭീഷണിയാണ്.  ആകെയുള്ളതില്‍ ഒരു പങ്ക് റോഡ് നിര്‍മ്മാണത്തിനായി വിട്ടു നല്‍കിയിട്ടും സര്‍ക്കാരില്‍ നിന്ന് കരുണ ലഭിക്കുന്നില്ലല്ലൊയെന്ന വിഷമത്തിലാണ് സാജു. അടിയന്തരമായി സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ക്കുമുള്ളത്.

Post a Comment

0 Comments