Latest News
Loading...

കൺമുന്നിൽ പഞ്ചായത്തോഫീസ് പരിസരം കിളച്ചുമറിച്ചിട്ടും അധികാരികൾ അറിഞ്ഞില്ല!

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ അധികൃതരുടെ മൂക്കിന്‍തുമ്പത്ത് നടന്ന അനധികൃത നിര്‍മാണം പഞ്ചായത്ത് അറിഞ്ഞില്ല. സ്വകാര്യവ്യക്തിയുടെ ബഹുനില മന്ദിരനിര്‍മാണത്തിനായി പഞ്ചായത്ത് ഓഫീസ് കെട്ടിത്തിന്റെ പിന്‍വശത്തെ സംരക്ഷണഭിത്തിയടക്കം മാന്തിയെടുത്തിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ ഏറെ വൈകി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്കി. 

പൂഞ്ഞാര്‍ തെക്കേക്കര ബസ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള 3 നില പഞ്ചായത്ത് ഓഫീസ് കോംപ്ലക്‌സിനോട് ചേര്‍ന്നു പിന്‍വശത്തുമായാണ് ബഹുനില മന്ദിര നിര്‍മാണത്തിന് തുടക്കമിട്ടത്. ബില്ഡിംഗ് പെര്‍മിറ്റിന് വിരുദ്ധമായി പഞ്ചായത്ത് കെട്ടിടത്തിന്റെ പിന്‍വശത്തെ സംരക്ഷണഭിത്തിയടക്കം മാറ്റിയാണ് പില്ലര്‍ നിര്‍മാണത്തിനായി കുഴിയെടുത്തത്. സമീപത്തെ കുടുംബശ്രീ ഹോട്ടലിന്റെ സംരക്ഷണഭിത്തിയും തകര്‍ത്തതോടെ മാലിന്യസംഭരണടാങ്കും പൊട്ടിയൊഴുകി. ഈ ഭാഗം പലക വച്ച് അടച്ചമറച്ച നിലയിലാണ്. പൊതുജനപ്രതിഷേധവും ഉയര്‍ന്നതോടെയാണ് നിര്‍മാണം നിര്‍ത്താന്‍ പഞ്ചായത്ത് നിര്‍ദേശം നല്കിയത്.


കുടുംബശ്രീ അടുക്കളയുടെ 2 വശങ്ങള്‍ മാന്തിയതോടെ കെട്ടിടം അപകടാവസ്ഥയിലാണ്. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തിന് പിന്നിലൂടെ ഒഴുകുന്ന മൂവേലി തോട് കൈയേറാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. പഞ്ചായത്ത് കെട്ടിടത്തിന് ഇടയിലൂടെ മുന്‍പുണ്ടായിരുന്ന ഇടവഴിയും ഇല്ലാതായി. 

ബസ് സ്റ്റാന്‍ഡിലേയ്ക്ക് ബസുകള്‍ പ്രവേശിക്കുന്ന റോഡിന് സമീപവും മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഇതും അനുമതി കൂടാതെയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അധികൃതരെത്തി അളന്നുതിരിച്ചാല്‍ പഞ്ചായത്തിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാനുള്ളത്ര സ്ഥലം ഇവിടെ അന്യാധീനപ്പെട്ടിട്ടുണ്ടെന്നാണ് പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന്‍ അസി. എന്‍ജീനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പ്രകാരം തുടര്‍ നടപടിയെടുക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. താലൂക്ക് സർവ്വേയർ സ്ഥലം അളന്ന് തിരിച്ചതിന് ശേഷമെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാവു എന്ന് പഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അധികൃതരുടെ തിരുമാനപ്രകരമെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുകയുള്ളുവെന്ന് സ്ഥലമുടമയും വ്യക്തമാക്കി.

Post a Comment

0 Comments