Latest News
Loading...

നേത്രരോഗ ചികിത്സാ വിഭാഗം തുറക്കും. കാർഡിയോളജിസ്റ്റിനെ എത്തിക്കും.

പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടർ ഇല്ലാതായതിനെ തുടർന്ന് അടച്ചു പൂട്ടിയ നേത്രരോഗ ചികിത്സാ വിഭാഗം പുനരാരംഭിക്കുവാൻ നടപടി സ്വീകരിച്ചതായി ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കൽ ഓഫീസർ കോട്ടയം ജില്ലാ വികസന സമിതിയിൽ അറിയിച്ചു. പാലാ ജനറൽ ആശുപത്രിയിലെ നേത്ര വിഭാഗം ഡോക്ടറെ ജില്ലാ ആശുപത്രിയിലേക്ക് ജോലി ക്രമീകരണവ്യവസ്ഥയിൽ മാറ്റുകയും ഇവിടെ ഉണ്ടായിരുന്ന ഏക ഡോക്ടർ വിരമിക്കുകയും ചെയ്തതോടെയാണ് നേത്രചികിത്സാ വിഭാഗം ജനറൽ ആശുപത്രിയിൽ ഇല്ലാതായത്. പകരം ക്രമീകരണം ഇല്ലാതെ പാതി വഴിയിൽ ചികിത്സാ വിഭാഗം അടച്ചു പൂട്ടിയതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.


ഈ വിഷയം കോട്ടയം ജില്ലാ വികസന സമിതിയിൽ തോമസ് ചാഴികാടൻ്റെ പ്രതിനിധി അഡ്വ.സിബി വെട്ടൂർ ഉന്നയിച്ചതിനെ തുടർന്നാണ് കോട്ടയത്തേക്ക് മാറ്റിയ ഡോക്ടറുടെ സേവനം അവസാനിപ്പിച്ച് ഉടൻ പ്രാബല്യത്തിൽ പാലായിൽ ചുമതലയേൽക്കുവാൻ ഡി.എം.ഒ.നിർദ്ദേശം നൽകിയത്. ഇതോടൊപ്പം ഇവിടെ നിന്നും മാറ്റിയ കാർഡിയോളജിസ്റ്റിൻ്റെ സേവനം ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് വികസന സമിതി യോഗത്തിൽ ഡി.എം.ഒ. രേഖാമൂലം അറിയിച്ചു. ഫോറൻസിക് വിഭാഗത്തിനായി ശുപാർശ നൽകുമെന്നും മുടങ്ങിക്കിടക്കുന്ന മറ്റു കാര്യങ്ങളിൽ ഇടപെടൽ ഉണ്ടാവുമെന്നും ഡി.എം.ഒ.വികസന സമിതിയിൽ അറിയിച്ചു. 

വിവിധ സമയങ്ങളിലായി പത്തിൽ പരം തസ്തികകളാണ് പാലാ ആശുപത്രിയിൽ നിന്നും മററ് ആശുപത്രിയിലേക്ക് മാറ്റി കൊണ്ടുപോയിരിക്കുന്നത്. അടച്ചു പൂട്ടിയ നേത്രചികിത്സാ വിഭാഗം പുനരാരംഭിക്കുന്നതിൽ ജില്ലാ ആരോഗ്യ വകുപ്പിൻ്റെ ഇടപെടലിനെ മാനേജിംഗ് കമ്മിറ്റി അംഗം ജയ്‌സൺമാന്തോട്ടം സ്വാഗതം ചെയ്തു.

Post a Comment

0 Comments