Latest News
Loading...

തോടിനേക്കാള്‍ 4 മീറ്റര്‍ താഴ്ന്ന മീനച്ചിലാര്‍. പഠനവുമായി മീനച്ചില്‍ നദീസംരക്ഷണസമിതി

മീനച്ചിലാര്‍ ആഴം കൂട്ടണമെന്ന ഉദ്യോഗസ്ഥരുടെ നിലപാടിന്റെ ആധികാരികതയും പ്രായോഗികതയും അന്വേഷിച്ച മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ പഠന സംഘം കണ്ടെത്തിയത് കഴിഞ്ഞ നാല് പതിറ്റാണ്ട് കാലയളവിലെ മണല്‍ വാരല്‍ മൂലം തോടിനേക്കാള്‍ 4 മീറ്ററോളം താഴ്ന്ന അവസ്ഥയിലുള്ള ആറിന്റെ ഭാഗങ്ങള്‍. പ്രളയവും വരള്‍ച്ചയും ആവര്‍ത്തിക്കുന്ന മീനച്ചില്‍ നദീതടം - ജനകീയ പഠന യാത്രയുടെ ഭാഗമായി കൂറ്റനാല്‍ കടവ് മുതല്‍ കളരിയാമ്മാക്കല്‍ കടവ് വരെ നടത്തിയ ജലയാത്രയില്‍ കര്‍ഷകരും, തീരവാസികളും, പരിസ്ഥിതി പ്രവര്‍ത്തകരും, ജനപ്രതിനിധികളും, ഗവേഷക വിദ്യാര്‍ത്ഥികളും കുട്ടികളും പങ്കെടുത്തു. 

മൂന്ന് വള്ളത്തിലും മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ ഇന്‍സ്‌പെക്ഷന്‍ ബോട്ടായ കുട്ടവഞ്ചിയിലുമായായിരുന്നു യാത്ര. കേരള നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍, മുന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ രവി പാല, സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ലാരാ ബിജു എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ചെക്ക് ഡാമുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും അവയുടെ കാര്യക്ഷമമല്ലാത്ത നടത്തിപ്പും ഏതുവിധത്തിലാണ് ആറിനെയും തീരങ്ങളെയും തീരവാസികളെയും പ്രതിസന്ധിയിലാക്കുന്നത് എന്നും പഠനസംഘം വിലയിരുത്തി. 


പുതിയ ചെക്ക് ഡാമുകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കുമുമ്പ് ജനാഭിപ്രായവും പരിസ്ഥിതി - സാമൂഹിക പ്രത്യാഘാത പഠനവും വേണമെന്ന് പഠനസംഘം ആവശ്യപ്പെട്ടു. സ്വാഭാവികമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന തീരങ്ങളുടെ മാതൃകകളും ആറിന്റെ തീരങ്ങളില്‍ നടത്തിയിട്ടുള്ള അസ്വാഭാവിക ഇടപെടലുകള്‍ പ്രളയകാലത്തുള്‍പ്പെടെ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും പഠന വിധേയമാക്കണം. രണ്ടാം ഘട്ട യാത പാലാ മുതല്‍ കിടങ്ങൂര്‍ വരെ നടത്തും. പഠനത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ വിശദറിപ്പോര്‍ട്ട് ആയി അതിനുമുന്‍പ് പ്രസിദ്ധീകരിക്കും. 


ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, സി.റോസ് വൈപ്പന, ഫ്രാന്‍സിസ് കൂറ്റനാല്‍, ബിനു പെരുമന, കുമരകം നേച്ചര്‍ ക്ലബ്ബ് മുന്‍ പ്രസിഡന്റ് ശ്രീ. ജേക്കബ് കുസുമാലയം,  പാലാ സെന്റ് തോമസ് HSS പ്രിന്‍സിപ്പാള്‍ ശ്രീ. മാത്യു എം കുര്യാക്കോസ്, ഗ്രീന്‍ ഫ്രട്ടേര്‍ണിറ്റി  പ്രസിഡന്റ് ശ്രീ. ഗോപു നട്ടാശ്ശേരി, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ പാലാ ശ്രീ. ജയേഷ് പി.ജോര്‍ജ്, സിസ്റ്റര്‍ ബിനീത എം.എം.എസ്., ഗവേഷക വിദ്യാര്‍ത്ഥികളായ വിനുമോള്‍ ദേവസി, ഷിജോ സാറാ മാത്യു, മുന്‍ മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിന്‍സന്റ് കണ്ടത്തില്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ സണ്ണി വെട്ടം, ജോമോന്‍ കണ്ടത്തില്‍,  ഭരണങ്ങാനം പഞ്ചായത്ത് മെമ്പര്‍ ശ്രീ. റെജി മേച്ചേരി, ബിജു കുന്നുംപുറം തുടങ്ങിയവര്‍ പങ്കാളികളായി.

Post a Comment

0 Comments