Latest News
Loading...

എടിഎം തകര്‍ത്തു മോഷണം നടത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ

ഏറ്റുമാനൂര്‍ പേരൂര്‍ പുളിമൂട് ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടര്‍ തകര്‍ത്തു മോഷണത്തിന് ശ്രമിച്ച ആലപ്പുഴ സ്വദേശി അപ്പു പോലീസ് പിടിയില്‍. എ.ടി.എംന്റെ ഉള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചതിനുശേഷം അത് മുൻ കുറ്റവാളികളുടെ ഫോട്ടോകളുമായി താരതമ്യം ചെയ്തതിൽ സമാനരീതിയിൽ കൊല്ലത്ത് ചാമക്കടയിൽ 2020-ൽ എടിഎം തകർത്ത കേസിൽ പ്രതിയായ അപ്പുവിനെ ശിക്ഷിക്കുകയും ഇയാൾ 2022 ജനുവരി മാസം ഒന്നാം തീയതി തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ആണെന്ന് മനസ്സിലാക്കുകയും ചെയ്തു.  
 

തുടർന്ന് ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയതിൽ ഇയാൾ സ്ഥിരമായി ഒരു സ്ഥലത്ത് നിൽക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവം ഉള്ള ആളാണെന്ന് മനസ്സിലാക്കുകയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഹോട്ടലുകളിലും കടകളിലും മറ്റും പുതിയതായി ആളുകളെത്തുന്നുണ്ടോ എന്ന് അന്വേഷിച്ചു വരവേ ഇയാൾ തിരുവനന്തപുരത്ത് ഹോട്ടൽ ജോലിക്കായി എത്തിയതറിഞ്ഞ് പോലീസ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്കുമാർ, എസ് ഐ പ്രശോഭ്, എ എസ് ഐ പ്രദീപ് , ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് സി പി ഒ മാരായ പ്രവീൺ പി നായർ , അനീഷ്. പ്രവിനോ , രാകേഷ്- ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സി പി ഒ മാരായ ജ്യോതി കൃഷ്ണൻ , അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Post a Comment

0 Comments