കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്ക്, വീചാറ്റ്, ഹലോ തുടങ്ങിയ ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു.
നിരോധിക്കപ്പെട്ട ആപ്പുകളിൽ ഭൂരിഭാഗവും ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്നുവെന്നും ഇവ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് ലഭിച്ചത്.
പിന്നീട് സെപ്തംബറിൽ ഇന്ത്യയുടെ പ്രതിരോധത്തിനും, സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി 118 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ വീണ്ടും ബ്ലോക്ക് ചെയ്തു. ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനം തുടരാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചൈന എതിർത്തിരുന്നു. നടപടി ലോക വ്യാപാര സംഘടനയുടെ വിവേചനരഹിതമായ തത്വങ്ങളുടെ ലംഘനമാണെന്ന് ചൈന ആരോപിച്ചു.