Latest News
Loading...

വാവ സുരേഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു



മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാര്‍ പരിഹരിച്ചെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലാണ്. രക്തം കട്ട പിടിക്കുന്ന അവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം. വാവ സുരേഷിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഏറ്റവും മികച്ച ചികിത്സ തന്നെ വാവ സുരേഷിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു.



ഇന്ന് നാല് മണിയോടെയാണ് വാവ് സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. കോട്ടയം കുറിച്ചിയില്‍ വെച്ചാണ് സംഭവം. മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. ചാക്കിലാക്കുന്നതിനിടെ പാമ്പ് തിരിഞ്ഞ് തുടയില്‍ കൊത്തുകയായിരുന്നു. അബോധാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഗുരുതരമായ തകരാറുണ്ടായെങ്കിലും ഡോക്ടര്‍മാര്‍ പരിഹരിച്ചു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാര്‍ ഗുരുതരമാണെന്നുമാണ് ലഭിക്കുന്ന വിവരം. 

എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. ഒരു കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതിനെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ വാവ സുരേഷിനെ വിളിച്ച്‌ വരുത്തിയത്. പാമ്പിനെ പിടികൂടി ചാക്കില്‍ ഇടുന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കൊത്തിയത്.


Post a Comment

0 Comments