Latest News
Loading...

'കരുതലി'ന്റെ ആദ്യ ഡോസെടുത്ത് മന്ത്രി വി.എൻ. വാസവനും ജസ്റ്റിസ് കെ.ടി. തോമസും

കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവർ കരുതൽ ഡോസുകൂടി എടുക്കാൻ ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവനോടൊപ്പം കോട്ടയം ജനറൽ ആശുപത്രിയിലെത്തി ജില്ലയിലെ ആദ്യ ഡോസ് കരുതൽ വാക്‌സിൻ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

"രണ്ട് വാക്‌സിനെടുത്ത എനിക്കും മന്ത്രി വി.എൻ. വാസവനും കോവിഡ് വന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് വാക്‌സിൻ ഫലപ്രദമാണ്. വാക്‌സിനെടുത്തവർക്ക് കോവിഡ് വന്നാൽ തന്നെ ചെറിയ പനിയോ ജലദോഷമോ മാത്രമേ വരുന്നുള്ളൂ. ഭാര്യയ്ക്ക് കോവിഡ് വന്നിട്ടും എന്നെ ബാധിച്ചില്ല. വാക്‌സിൻ ഫലപ്രദമാണ്." എല്ലാവരും കരുതൽ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ വാക്‌സിനെടുത്തതിനാൽ കോവിഡ് പിടിപെട്ടില്ലെന്നും രണ്ടു ഡോസ് വാക്‌സിനെടുത്തവർ എല്ലാവരും തന്നെ  കരുതൽ ഡോസ് കൂടി എടുക്കണമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 

.കോവിഡ് രണ്ടാം തരംഗത്തിൽ മുന്നണിപ്പോരാളികളോടൊപ്പം നിന്ന് പ്രവർത്തിക്കേണ്ടിവന്നിട്ടും കോവിഡ് ബാധിക്കാതിരുന്നത് വാക്‌സിനെടുത്തതിനാലാണെന്നും മന്ത്രി പറഞ്ഞു. 

രാവിലെ 9.30ന് ഇരുവരും ജനറൽ ആശുപത്രിയിലെത്തി. മന്ത്രിയാണ് ആദ്യം വാക്‌സിൻ സ്വീകരിച്ചത്. തുടർന്ന് ജസ്റ്റിസ് കെ.ടി. തോമസും വാക്‌സിൻ സ്വീകരിച്ചു. കോവിഷീൽഡ് വാക്‌സിനാണ് ഇരുവരും സ്വീകരിച്ചത്.  മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുമിച്ച് എത്തിയാണ് മുമ്പ് ആദ്യ ഡോസും രണ്ടാം ഡോസും ഇരുവരും എടുത്തത്. ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, ജനറൽ ആശുപത്രിയിലെ വാക്‌സിനേഷന്റെ ചാർജ് ഓഫീസർ ഡോ. ലിന്റോ ലാസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ മാസ് മീഡിയ ഓഫീസർ ജെ. ഡോമി എന്നിവർ സന്നിഹിതരായിരുന്നു.

ജില്ലയിൽ 2,56,950 ഡോസ് വാക്‌സിൻ സ്‌റ്റോക്കുള്ളതായി ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, ഇതര രോഗങ്ങളുള്ള മുതിർന്നവർ (60 വയസിനു മുകളിൽ പ്രായമുള്ളവർ) എന്നിവർക്കാണ് കരുതൽ വാക്സിൻ നൽകുക. ആദ്യ ദിനം ജില്ലയിൽ 29 കേന്ദ്രങ്ങളിലാണ് മൂന്നാം ഡോസ് വാക്സിൻ നൽകിയത്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പതു മാസം (39 ആഴ്ച്ച) പിന്നിട്ട ഈ വിഭാഗങ്ങളിലുള്ളവരാണ് മൂന്നാം ഡോസിന് അർഹരാവുക. മുൻകരുതൽ ഡോസ് സ്വീകരിക്കുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റോ മറ്റു രേഖകളോ ഹാജരാക്കേണ്ടതില്ല.

കൂടാതെ കോവിഷീൽഡ് രണ്ടാം ഡോസിനു അർഹരായവർക്കും ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവർക്കും ഇതേ കേന്ദ്രങ്ങളിൽ വാക്സിൻ സ്വീകരിക്കാവുന്നതാണ്.

Post a Comment

0 Comments