Latest News
Loading...

പനയ്ക്കപ്പാലത്ത് മീനച്ചിലാറ്റില്‍ കക്കൂസ് മാലിന്യം

വേനല്‍ കടുത്ത് മീനച്ചിലാറ്റില്‍ ജലനിരപ്പ് താഴുമ്പോള്‍ അവശേഷിക്കുന്ന വെള്ളത്തിലേയ്ക്ക് കക്കൂസ് മാലിന്യം തള്ളി. പനയ്ക്കപ്പാലത്തിന് സമീപം കൈത്തോട്ടിലൂടെയാണ് രാത്രിയുടെ മറവില്‍ ആറ്റിലേയ്ക്ക് വലിയതോതില്‍ മാലിന്യം ഒഴുക്കിവിട്ടത്. മീനച്ചിലാറ്റിലെ ജലം പ്രയോജനപ്പെടുത്തുന്ന കുടിവെള്ളപദ്ധതികളടക്കം ഇതോടെ പ്രതിസന്ധിയിലായി. 

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൊണ്ടൂര്‍പാലത്തിന് സമീപം കക്കൂസ് മാലിന്യം ടാങ്കറിലെത്തിച്ച് തള്ളിയതായി കണ്ടെത്തിയത്. വെള്ളത്തിന് മുകളില്‍ പാടപോലെ കക്കൂസ് മാലിന്യം ഒഴുകിപ്പരന്ന നിലയിലാണ്. ഇവിടെ ജലം പൂര്‍ണമായും ഉപയോഗശൂന്യമായി. ഇത് മീനച്ചിലാറിന്റെ താഴ്ഭാഗങ്ങളിലേയ്ക്ക് ഒഴുകിപ്പരന്നുകൊണ്ടിരിക്കുകയാണ്. മാലിന്യം തള്ളിയ ഭാഗത്ത് ജലനിധി അടക്കം 3 കുടിവെള്ള പദ്ധതികളാണ് സമീപത്തായുള്ളത്. ഈ പദ്ധതികള്‍വഴി ജലവിതരണം നിര്‍ത്തിവെച്ചു.

ഇതിനു മുന്‍പും ആറ്റിലേയ്ക്ക് മാലിന്യം തള്ളിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വേനല്‍ കടുത്തതോടെ ആറ്റില്‍ നീരൊഴുക്ക് നേരിയ തോതില്‍ മാത്രമേയുള്ളൂ. മാലിന്യം തള്ളിയതോടെ ഇത്തവണ ജനം ഏറെ വലയും. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

Post a Comment

0 Comments