Latest News
Loading...

പാലായിൽ റേഡിയോ തെറാപ്പി, വൈക്കത്ത് മാമോഗ്രാം

പാലാ: ജില്ലയിലെ ആരോഗ്യ മേഖലയിൽ കൂടുതൽ ഇടപെടലുകളുമായി കോട്ടയം ജില്ലാ പഞ്ചായത്ത്. ചെലവേറിയ ക്യാൻസർ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കും. ക്യാൻസർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും രോഗനിർണ്ണയത്തിനും സമഗ്രചികിത്സാ പദ്ധതിയാണ്  കോട്ടയം ജില്ലാ പഞ്ചായത്ത് ഒരുക്കുന്നത്. ഇതിൻ്റെ ഭാഗമായി പാലാ ജനറൽ ആശുപത്രിയിൽ റേഡിയോ തെറാപ്പി സൗകര്യവും വൈക്കം താലൂക്ക് ആശുപത്രിയിൽ സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിന് വേണ്ടി മാമോ ഗ്രാഫ് സംവിധാനവുമാണ് സജ്ജീകരിക്കുക.പാലാ ജനറൽ ആശുപത്രിയിലും കോട്ടയം ജില്ലാ ആശുപത്രിയിലുമായി ക്യാൻസർ ചികിത്സാ വിഭാഗത്തിൽ കീമോതെറാപ്പി ഉൾപ്പെടെ നൽകി വരുന്നു.

നിരവധി രോഗികളാണ് ഇവിടങ്ങളിൽ ചികിത്സ തേടുന്നത്.ഇതിനായി 18 കോടിയോളം രൂപ ചിലവഴിക്കുന്നതിനായി  ജില്ലാ പഞ്ചായത്ത് അസൂത്രണ സമിതിയും ആരോഗ്യ വിഭാഗത്തിനായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗവും ശുപാർശ ചെയ്തു.ഇതോടൊപ്പം കോട്ടയം ജില്ലയിലെ കോട്ടയം, പാലാ ജനറൽ ആശുപത്രികളിലും പാമ്പാടി, വൈക്കം താലൂക്ക് ആശുപത്രികളിലും നടത്തുന്ന ഡയാലിസിസ് യൂണിറ്റുകളിൽ എത്തുന്ന നിർധന രോഗികൾക്ക് സൗജന്യ ചികിത്സക്കായുള്ള ഫണ്ടും വകയിരുത്തുവാനും പാലാ ആയുർവേദ ആശുപത്രിയിൽ കൂടുതൽ ചികിത്സാ വിഭാഗങ്ങൾക്കായി കെട്ടിട നിർമ്മാണത്തിന് ഫണ്ട് വകയിരുത്തുവാനും ശുപാർശ ചെയ്തു.ജില്ലാ ജനറൽ ആശുപത്രിയിൽ എഫ്.ഡബ്ല്യു.സ്റ്റോർ' ജെറിയാട്രിക് വാർഡ്‌, പാലീയേറ്റീവ് കെയർ യൂണിറ്റ് എന്നിവയ്ക്കായി കെട്ടിട നിർമാണം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒ.പി., ഐ.പി, വിഭാഗം കെട്ടിടം നിർമ്മിക്കുന്നതിനും ഫണ്ട് വകയിരുത്തുവാനും യോഗം ശുപാർശ നൽകി. 

അനുബന്ധ സൗകര്യങ്ങൾ ലഭ്യമാകുന്ന മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും പദ്ധതികൾ ആവിഷ്കരിക്കും. അടുത്ത ദിവസം ചേരുന്ന ജില്ലാ ആസൂത്രണ സമിതിയിൽ പദ്ധതികൾ സമർപ്പിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയർമാൻ നിർമ്മല ജിമ്മി അറിയിച്ചു.ആരോഗ്യ വിഭാഗത്തിനായുള്ള വർക്കിംഗ്‌ ഗ്രൂപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, ഡി.എം.ഒമാരായ ഡോ.എൻ. പ്രിയ, ഡോ.സി. ജയശ്രീ, ആസൂത്രസമിതി അംഗം ജയ്സൺ മാന്തോട്ടം, സുനു.പി.മാത്യു, ഡോ.എ.ആർ.ഭാഗ്യശ്രീ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments