Latest News
Loading...

ലഹരി പാർട്ടിയുടെ പിന്നിലെ ബുദ്ധികേന്ദ്രം ഇടുക്കി സ്വദേശിനി

കൊച്ചി: കാക്കനട്ടെ ഫ്ലാറ്റില്‍ പുതുവത്സരാഘോഷത്തിന്റെ പേരില്‍ ലഹരി പാര്‍ട്ടി നടത്തുന്നതിനിടെ പിടിയിലായ സംഘത്തെ കുറിച്ച്‌  ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 20 കാരിയായ ഇടുക്കി സ്വദേശിനി മറിയം ബിജുവായിരുന്നു ലഹരി പാർട്ടിയുടെ പിന്നിലെ ബുദ്ധികേന്ദ്രം.

മറിയം ബിജു യുവതികളെയും ചെറുപ്പക്കാരെയും ആകര്‍ഷിച്ച്‌ ലഹരി ഉപയോ​ഗിക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് വിതരണക്കാരായി മാറ്റുകയുമാണ് പതിവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മറിയം ബിജുവിന്റെ ഫോണില്‍ നിന്നും ലഹരി ഉപയോ​ഗിക്കുന്ന യുവതികളുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉപയോ​ഗിച്ച്‌ ഭീഷണിപ്പെടുത്തിയാണ് യുവതികളെ ലഹരി വിതരണക്കാരായി മാറ്റിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പിടിയിലായ പ്രതികള്‍ മധ്യകേരളത്തിലെയും ഓണാട്ടുകരയിലെയും ലഹരിവിതരണക്കാരെന്ന് പൊലീസും വ്യക്തമാക്കുന്നു. ഇടുക്കി തൊടുപുഴ സ്വദേശിനി മറിയം ബിജു(20), കൊല്ലം ഓച്ചിറ സ്വദേശി റിജു(38), കരുനാഗപ്പള്ളി സ്വദേശി നജീബ്(40) കായംകുളം ഭരണിക്കാവ് സ്വദേശി അനീഷ്(25), കോഴിക്കോട് നെന്മണ്ട സ്വദേശി ഷിനോ മെര്‍വിന്‍(28) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

പുതുവത്സരാഘോഷങ്ങള്‍ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയപ്പോഴാണ് യുവതി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായത്. കാക്കനാട് മില്ലുപടി ജങ്ഷനു സമീപമുള്ള ഹോളീ ഫെയ്ത് ലേക്ക് വ്യൂ എന്ന ഫ്ലാറ്റില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയും ഹാഷിഷുമടക്കമുള്ളവയുമായി സംഘം പിടിയിലായത്. പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പുതുവത്സരത്തില്‍ ലഹരി സംഘങ്ങള്‍ സജീവമാകുമെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ഉപയോഗിച്ച സംഘത്തെ പിടികൂടിയത്.

പ്രതികള്‍ എല്ലാവരും മയക്കു മരുന്ന് വില്‍പ്പന നടത്തുന്നവരാണ്. യുവതിയുടെ മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളില്‍ ഒരാളായ അനീഷിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലിക്കായി പോകുകയാണ് എന്ന് പറഞ്ഞാണ് ഇയാള്‍ നാട്ടില്‍ നിന്നും ഇവിടേക്ക് വന്നത്. പിന്നീട് ലഹരി മാഫിയ സംഘത്തിന്റെ വലയില്‍പെടുകയായിരുന്നു.

പൊലീസിനെ കണ്ട് ഫ്ലാറ്റിന് മുകളില്‍ നിന്നും താഴേക്ക് ചാടി ഒരു യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കായംകുളം പുതുപ്പള്ളി സ്വദേശി അതുല്‍ ഫ്ലാറ്റിന്റെ എട്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. പരിക്ക് ഭേദമാകുന്ന മുറക്ക് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം 11 മണിയോടെയാണ് സംഘം പൊലീസിന്റെ പിടിയിലാകുന്നത്. ലഹരി നടക്കുന്ന വിവരം രഹസ്യമായി അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവര്‍.

പൊലീസിനെ കണ്ട് ഭയന്ന് അതുല്‍ രക്ഷപെടാനുള്ള ശ്രമത്തിനിടെ താഴേക്ക് ചാടുകയായിരുന്നു. കാര്‍ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേയ്ക്കു വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷീറ്റു തുളച്ചു താഴെ വീണെങ്കിലും തോളെല്ലിനു പരുക്കേറ്റതൊഴിച്ചാല്‍ ഗുരുതര പരുക്കില്ല. ഇയാളെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിയിലായവര്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി ഉപയോഗവും വില്‍പ്പനയും നടത്തി വരികയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.

അതേസമയം ലഹരിമാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന നമ്ബറിലേക്ക് വാട്ട്സാപ്പ് സന്ദേശം അയക്കുകയോ നാര്‍ക്കോട്ടിക് സെല്‍ പൊലീസ് അസി.കമ്മീഷ്ണറുടെ 9497990065 എന്ന നമ്ബറിലേക്കോ ഡാന്‍സാഫിന്റെ 9497980430 എന്ന നമ്ബറിലേക്കോ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായിരിക്കുമെന്നും പൊലീസ് പറഞ്ഞു