Latest News
Loading...

ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തന്‍



കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി. കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കി. ദൈവത്തിന് സ്തുതിയെന്ന് ബിഷപ് കോടതിയ്ക്ക് പുറത്തിറങ്ങിയ ശേഷം ഒറ്റവാക്കില്‍ പ്രതികരിച്ചു
 105 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ വിധി പ്രസ്താവിച്ചത്. എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി അദ്ദേഹത്തെ മോചിതനാക്കി.   കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഉള്‍പ്പെടെ ഏഴ് വകുപ്പാണ് ചുമത്തിയിരുന്നത്. 


2018 ജൂണ്‍ 28ന് കുറവിലങ്ങാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രിയുടെ പരാതി. അന്വേഷണം ആരംഭിച്ച് നാലാം മാസം ബിഷപ്പിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 25 ദിവസം പാലാ സബ് ജയിലില്‍ കഴിഞ്ഞ ബിഷപ്പ് പിന്നീട് ജാമ്യത്തിലിറങ്ങി. പത്താംമാസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.

 ബലാത്സംഗം, അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്.   പരാതി കെട്ടിച്ചമച്ചതാണെന്നും ഉന്നതപദവി നല്‍കാത്തതിന്റെ വൈരാഗ്യമാണെന്നുമാണ് ബിഷപ്പിന്റെ ആദ്യം മുതലുള്ള വാദം. വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റപത്രം റദാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് കോടതിയെ സമീപിച്ചു. ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും വിചാരണ നേരിടണമെന്നായിരുന്നു ഉത്തരവ്

Post a Comment

0 Comments