Latest News
Loading...

ഈരാറ്റുപേട്ടയിലെ സമ്മേളനങ്ങൾക്ക് ഹൈക്കോടതിയുടെ കടിഞ്ഞാൺ

ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷൻ ഭാഗത്ത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയും ഗതാഗതം തടസപ്പെടുത്തിയും നടത്തിവന്നിരുന്ന സമ്മേളനങ്ങൾ കേരളാ ഹൈക്കോടതി നിരോധിച്ചു. ഈരാറ്റുപേട്ട ടൗണിലെ നാലോളം വ്യാപാരികളുടെ 
 ഹർജിയിലാണ് കോടതി ഉത്തരവ്. സെൻട്രൽ ജങ്ഷൻ ഭാഗത്ത് വിവിധ രാഷ്ട്രീയ - സാമുദായിക സംഘടനകൾ പൊതുസ്ഥലം കയ്യേറി നടത്തുന്ന സമ്മേളനങ്ങളും പ്രതിഷേധയോഗങ്ങളും വ്യപാരസ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് തടസമുണ്ടാക്കുന്നുവെന്നും അനുവാദമില്ലാതെ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിച്ച് പൊതുശല്യം ഉണ്ടാക്കുന്നുവെന്നുമായിരുന്നു പരാതി. 

 ഇത്തരം സമ്മേളനങ്ങൾ നടക്കുന്നസമയത്ത് ഈരാറ്റുപേട്ടയിൽ അനുഭവപ്പെട്ടിരുന്ന കനത്ത ഗതാഗത കുരുക്ക് വ്യപാരികൾക്കും പൊതുജനങ്ങൾക്കും ദുരിതമായിരുന്നു.  പ്രധാനപ്പെട്ട മൂന്നുറോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജങ്ഷൻ ഭാഗമാണ് മതിയായ സ്ഥലസൗകര്യം ഇല്ലായെങ്കിൽ കൂടിയും വിവിധ സംഘടനകൾ സമ്മേളനത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇങ്ങനെ നിയവിരുദ്ധമായി പൊതുജനത്തെ ബുദ്ധിമുട്ടിച്ചു നടത്തുന്ന പരിപാടികളിൽ ജനപ്രതിനിധികളും നേതാക്കളും ഉൾപ്പെടെ പങ്കെടുക്കാറുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുക്കാറുണ്ടെങ്കിലും കോടതിയിൽ പിഴയടച്ച് സംഘാടകൾ കേസ് തീർക്കുകയാണ് പതിവ്.

 കോവിഡ് പ്രശ്‌നങ്ങൾ കാരണം പ്രതിസന്ധിയിലായ വ്യാപാരികൾ കരകയറാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് വ്യപാരത്തെ ബാധിക്കുംവിധം വിവിധ സംഘടനകൾ വീണ്ടും സമ്മേളനങ്ങൾ കൂടാൻ തുടങ്ങിയത്. നിരന്തരമുള്ള അഭ്യർത്ഥനയ്ക്ക് ഫലമില്ലാതായതോടെയാണ് വ്യപാരികൾ കോടതിയെ സമീപിച്ചത്. നിയമലംഘനങ്ങൾ ഉണ്ടായാൽ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഗൗരവമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുക്കാനും ഉപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ പിടിച്ചെടുത്ത് കോടതിയിൽ അയയ്ക്കാനുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

Post a Comment

0 Comments