Latest News
Loading...

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതായി യുഡിഎഫ്


മീനച്ചില്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്‌കരിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതു വിധത്തിലും അധികാരം ആസ്വദിക്കണമെന്ന ചിലരുടെ ആക്രാന്ത രാഷ്ട്രീയ മനോഭാവത്തിന് മാനസാന്തരമുണ്ടാകാന്‍ അധികാരം ത്യജിച്ചുകൊണ്ട് ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് യു.ഡി.എഫ്. ആഗ്രഹിക്കുന്നത്. സത്യസന്ധവും നീതി പൂര്‍വ്വവുമായ ഒരു തെരഞ്ഞെടുപ്പിന് തീരെ സാദ്ധ്യത ഇല്ലാത്ത തിനാലും ഗുണ്ടായിസവും വ്യാജകാര്‍ഡും ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. .ആകെയുള്ള 10366 വോട്ടവകാശം ഉള്ള അംഗങ്ങളില്‍ 2889 പേര്‍ മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ നിരവധി ഇടതു യൂണിയന്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കാര്‍ഡ് കണ്ട് ഇവരുടെ കൈകളില്‍ എങ്ങനെ ബാങ്കിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എത്തി എന്നതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഇടതു പാനലില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ അന്നത്തെ ബാങ്ക് സെക്രട്ടറിയുടെ ഒത്താശയോടെ രഹസ്യമായി വ്യാജ കാര്‍ഡുകള്‍ തയ്യാറാക്കി വിതരണം ചെയ്തതായി ബോദ്ധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ 21.4.2021 ല്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ അടിയന്തിര യോഗം ചേര്‍ന്ന് അന്നത്തെ ബാങ്ക് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. നൂറ്കണക്കിന് വ്യാജ കാര്‍ഡുകള്‍ രഹസ്യമായി തയ്യാറാക്കി ഇടതുപക്ഷക്കാരായ പോളിംഗ് ഓഫീസര്‍മാരുടെ സഹായത്തോടെ പോലീസ് സംരക്ഷണയില്‍ ഭരണം പിടിക്കാന്‍ ഇടതുപക്ഷം പദ്ധതി തയ്യാറാക്കിയിട്ടുള്ളതായാണ് വിവരമെന്ന് നേതാക്കള്‍ പറഞ്ഞു. .ഈ മാസം 28 ന് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ബാങ്കിന്റെ പ്രവര്‍ത്തന മേഖലയായ മീനച്ചില്‍ താലൂക്കില്‍ ഏറ്റവും പ്രചാരമുള്ള രണ്ട് ദിനപത്രങ്ങളില്‍ എങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം പരസ്യപ്പെടുത്തണമെന്ന ചട്ടം തള്ളിക്കൊണ്ട്, നവംബര്‍ 12 ന് പാര്‍ട്ടി പത്രത്തില്‍ പരസ്യം ചെയ്തതിന്റെ ഗൂഢോദ്ദേശ്യം മനസ്സിലാക്കാവുന്നതാണ്. ഈ.ജെ ആഗസ്തി സാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണ സമിതിക്ക് നാല് വര്‍ഷക്കാലം കൂടി തുടരാനുള്ള അവകാശം ഉണ്ടായിരുന്നെങ്കിലും 28 വര്‍ഷം ഏറ്റവും മികച്ച രീതിയില്‍ ബാങ്കിനെ നയിച്ച ഈ ജെ ആഗസ്തി സാറിനോടുള്ള രാഷ്ട്രീയ പക തീര്‍ക്കാന്‍ വേണ്ടിയാണ് ചില ഭരണ സമിതി അംഗങ്ങളെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ച് ഈ തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ ബാങ്ക് മറ്റൊരു കരുവന്നൂര്‍ ആയി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ അണിയറ യില്‍ തകൃതിയായി നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

നേതാക്കളായ ഇ.ജെ ആഗസ്തി, സജി മഞ്ഞക്കടമ്പിൽ, ആർ ഹാജി, റോയി എടുപ്പുലിക്കാട്ട്, ജോർജ്ജ് പുളിങ്കാട്, ജോസ്മോൻ മുണ്ട യ്ക്കൽ, സന്തോഷ് കാവുകാട്ട് തുടങ്ങിയവർ പങ്കെടുത്തു.